കാലിഫോർണിയ: ആരോഗ്യപ്രശ്‌നം നേരിടുന്ന ബഹിരാകാശ സഞ്ചാരിയടക്കമുള്ള നാലംഗ സംഘവുമായി അന്താരാഷ്‌ട്ര ബഹിരാകാശ നിലയത്തിൽ (ഐഎസ്എസ്) നിന്ന് യാത്രതിരിച്ച നാസയുടെ ക്രൂ-11 ദൗത്യ സംഘം സുരക്ഷിതമായി ഭൂമിയിലിറങ്ങി. ഇന്ത്യൻ സമയം ഉച്ചകഴിഞ്ഞ് 2.11നാണ് കാലിഫോർണിയ തീരത്ത് കടലിൽ ഇറങ്ങിയത് (സ്‌പ്‌ളാഷ് ഡൗൺ).
13 മിനിറ്റ് നീളുന്ന ഡീഓർബിറ്റ് ജ്വലനത്തിന് ശേഷമാണ് സഞ്ചാരികളെയും വഹിച്ചുകൊണ്ടുള്ള ഡ്രാഗൺ പേടകം കടലിൽ ഇറങ്ങിയത്. വൈദ്യചികിൽസ ആവശ്യമുള്ള ഒരു യാത്രികനും മറ്റു മൂന്ന് ക്രൂ അംഗങ്ങളുമാണ് മടങ്ങിയത്. ഐഎസ്എസിന്റെ ചരിത്രത്തിൽ ആദ്യമായാണ് ബഹിരാകാശ സഞ്ചാരിയുടെ ആരോഗ്യപ്രശ്‌നത്തെ തുടർന്ന് ദൗത്യം വെട്ടിച്ചുരുക്കി തിരികെ ഭൂമിയിലേക്ക് മടങ്ങേണ്ടി വന്നത്.
ചരിത്രപരമായ ഈ തിരിച്ചിറക്കം നാസ തൽസമയം സംപ്രേഷണം ചെയ്‌തു. യുഎസ്, റഷ്യ, ജപ്പാൻ എന്നിവിടങ്ങളിൽ നിന്നുള്ള നാല് ബഹിരാകാശ യാത്രികരാണ് ക്രൂ-11 ദൗത്യസംഘത്തിൽ ഉണ്ടായിരുന്നത്. സീന കാർഡ്‌മാൻ, മൈക്ക് ഫിൻകെ, കിമിയ യുയി, ഒലെഗ് പ്ളാറ്റോനോവ് എന്നിവരാണ് മടക്കയാത്ര നടത്തിയത്. ഇലോൺ മസ്‌കിന്റെ സ്‌പേസ് എക്‌സ് ഡ്രാഗൺ പേടകത്തിലാണ് ഇവർ മടങ്ങിയത്.
ക്രൂ-11 മടങ്ങിയതോടെ ബഹിരാകാശ നിലയത്തിൽ താൽക്കാലികമായി അംഗങ്ങളുടെ എണ്ണം കുറയും. നിലവിൽ ഏഴ് പേരുള്ളിടത്ത്, ഇവർ മടങ്ങിയതോടെ നാസയുടെ ക്രിസ് വില്യംസും രണ്ട് റഷ്യൻ സഞ്ചാരികളും മാത്രമാണ് അവശേഷിക്കുന്നത്. രോഗബാധിതനായ സഞ്ചാരിയെ ഉടൻ വൈദ്യപരിശോധനയ്‌ക്കായി മാറ്റും.
നിലയത്തിൽ നിന്ന് അൺഡോക്കിങ് പ്രക്രിയ വിജയകരമായി പൂർത്തിയാക്കിയ സംഘം പത്തര മണിക്കൂറെടുത്താണ് ഭൂമിയിലേക്ക് തിരിച്ചെത്തിയത്. 2025 ഓഗസ്‌റ്റിലാണ് ക്രൂ-11 ദൗത്യസംഘം ബഹിരാകാശ നിലയത്തിലെത്തിയത്. 2026 ഫെബ്രുവരി അവസാനം വരെ ബഹിരാകാശത്ത് തുടരാനായിരുന്നു തീരുമാനിച്ചിരുന്നത്.
എന്നാൽ, ദൗത്യസംഘത്തിൽ ഒരാൾക്ക് വൈദ്യസഹായം ആവശ്യമായി വന്നതോടെ മടക്കം നേരത്തെയാക്കി. അതേസമയം, സ്വകാര്യത മാനിച്ച് ദൗത്യസംഘത്തിൽ ആർക്കാണ് വൈദ്യസഹായം വേണ്ടതെന്നും അസുഖം എന്താണെന്നും നാസ വെളിപ്പെടുത്തിയിട്ടില്ല. അന്താരാഷ്‌ട്ര ബഹിരാകാശ നിലയത്തിൽ 165 ദിവസം ചിലവഴിച്ചതിന് ശേഷമാണ് ക്രൂ-11 സംഘത്തിന്റെ മടക്കം.
Most Read| ചുഴലിക്കാറ്റിൽ കാണാതായി; 443 ദിവസങ്ങൾക്ക് ശേഷം ഉടമയ്‌ക്കരികിൽ ഗാബി






































