തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് എൻഡിഎ മുന്നണി സീറ്റ് വിഭജന ചർച്ച ഈ ആഴ്‌ച ആരംഭിച്ചേക്കും. 140 നിയോജക മണ്ഡലങ്ങളിലും സ്‌ഥാനാർഥികൾ ഉണ്ടാകുമെന്നാണ് നേതൃത്വം വ്യക്‌തമാക്കുന്നത്. എന്നാൽ 40 മണ്ഡലങ്ങളിലാകും ബിജെപി കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുക. തിരുവനന്തപുരത്താകും സംസ്‌ഥാന നേതാക്കളിൽ അധികവും രംഗത്തിറങ്ങുക.
32 സീറ്റുകൾ വേണമെന്ന് ആവശ്യപ്പെട്ട് ഘടകകക്ഷിയായ ബിഡിജെഎസ് നേരത്തെ തന്നെ രംഗത്തെത്തിയിരുന്നു. എന്നാൽ അത്രയും സീറ്റുകൾ വിട്ടു നൽകില്ലെന്നാണ് ബിജെപി നേതൃത്വം വ്യക്‌തമാക്കുന്നത്. തദ്ദേശ തിരഞ്ഞെടുപ്പിൽ കനത്ത തിരിച്ചടിയായിരുന്നു ബിഡിജെഎസ് നേരിട്ടത്. ഇതിനെ തുടർന്നാണ് 32 സീറ്റുകൾ ബിഡിജെഎസിന് നൽകില്ലെന്ന് ബിജെപി നിലപാടെടുത്തത്. കേരള കാമരാജ് കോൺഗ്രസ് 6 സീറ്റുകൾ ആവശ്യപ്പെടുമെന്നാണ് സൂചന. എൽജെപിയും ശിവസേനയും ഒന്നോ രണ്ടോ സീറ്റുകൾ മാത്രമാകും ചോദിക്കുക
ബിജെപി ദേശീയ അധ്യക്ഷൻ ജെപി നഡ്ഡ കേരളത്തിൽ എത്തുന്ന മുറക്ക് തന്നെ മുന്നണിയിലെ സീറ്റ് വിഭജന ചർച്ചകൾ തുടങ്ങിവെക്കാനാണ് എൻഡിഎ ക്യാമ്പിന്റെ ആലോചന. ഏറെ സ്വാധീനമുള്ള വോട്ട് ശതമാനമുള്ള 40 മണ്ഡലങ്ങൾ കണ്ടെത്തി ശ്രദ്ധ കേന്ദ്രീകരിക്കാനാണ് അമിത് ഷാ ബിജെപി സംസ്‌ഥാന നേതൃത്വത്തിന് നൽകിയിരിക്കുന്ന നിർദേശം. അതിനുള്ള പ്രവർത്തനങ്ങൾ ബിജെപി ആരംഭിച്ചു.
Read also: വടക്കാഞ്ചേരി ലൈഫ് മിഷന്‍; സിബിഐ അന്വേഷണം തുടരാമെന്ന വിധിക്കെതിരായ ഹരജി ഇന്ന് സുപ്രീംകോടതിയില്‍