ജെറുസലേം: ഇസ്രയേലിലെ അഷ്ക ലോണിൽ ഹമാസ് നടത്തിയ ഷെല്ലാക്രമണത്തിൽ കൊല്ലപ്പെട്ട ഇടുക്കി സ്വദേശിനി സൗമ്യ സന്തോഷിന്റെ മൃതദേഹം നാട്ടിൽ എത്തിക്കാനുള്ള നടപടികൾ സംസ്ഥാന സർക്കാർ സ്വീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.
ഇസ്രയേലിലെ ഉദ്യോഗസ്ഥരുമായി നോർക്ക ബന്ധപ്പെട്ടിട്ടുണ്ടെന്നും സൗമ്യയുടെ അകാല വിയോഗത്തിൽ കുടുംബത്തിന് സഹായകരമാകുന്ന വിധത്തിൽ നഷ്ടപരിഹാരം ലഭ്യമാക്കുന്നതിനുള്ള നടപടികളും ആരംഭിച്ചതായി മുഖ്യമന്ത്രി അറിയിച്ചു.
ഇന്നലെ വൈകിട്ടാണ് ഇടുക്കി കീരിത്തോട് കാഞ്ഞിരന്താനം സന്തോഷിന്റെ ഭാര്യ സൗമ്യ (30) കൊല്ലപ്പെട്ടത്. വൈകിട്ട് 5.30ന് ഭർത്താവുമായി ഇസ്രയേലിലെ അഷ്ക ലോണിലുള്ള വീട്ടിൽനിന്നും ഫോണിൽ സംസാരിച്ചു കൊണ്ടിരിക്കുമ്പോൾ താമസ സ്ഥലത്ത് ഷെൽ പതിക്കുകയായിരുന്നു. അവിടെയുള്ള ബന്ധുവാണ് സൗമ്യയുടെ മരണ വിവരം കുടുംബാംഗങ്ങളെ വിളിച്ചറിയിച്ചത്. കഞ്ഞിക്കുഴി പഞ്ചായത്ത് മുൻ മെമ്പർമാരായ സതീശന്റെയും സാവിത്രിയുടെയും മകളാണ് സൗമ്യ. ഏഴു വർഷമായി ഇസ്രയേലിലാണ്. കെയർ ടേക്കറായി ജോലി ചെയ്ത് വരികയായിരുന്നു. 8 വയസുകാരനായ മകനുണ്ട്.
Read also: ഗൗരിയമ്മയുടെ സംസ്കാര ചടങ്ങിനായി കോവിഡ് പ്രോട്ടോക്കോളില്‍ ഇളവ്; വിശദീകരിച്ച് മുഖ്യമന്ത്രി







































