വടക്കഞ്ചേരി: കണ്ണമ്പ്ര പഞ്ചായത്തിലെ ചൂർകുന്നിന് സമീപം ആരംഭിച്ച ടാർ മിക്‌സിങ് പ്ളാന്റിനെതിരെ സമരം ശക്‌തമാകുന്നു. ജനവാസമേഖലയിൽ ടാർ മിക്‌സിങ് പ്ളാന്റിന്റെ പ്രവർത്തനം അനുവദിക്കില്ലെന്ന് വ്യക്‌തമാക്കി സിപിഎം നേതാക്കൾ സമരവുമായി രംഗത്തെത്തി. പ്ളാന്റ് നിർമാണത്തിന് പഞ്ചായത്തിൽ നിന്ന് അനുമതി നൽകിയിട്ടില്ലെന്നും സ്‌റ്റോപ് മെമോ നൽകുമെന്നും കണ്ണമ്പ്ര പഞ്ചായത്ത് പ്രസിഡണ്ട് വ്യക്‌തമാക്കി.
പ്ളാന്റിന്റെ പ്രവർത്തനം തുടർന്നാൽ സമരം ശക്‌തിപ്പെടുത്താനാണ് സിപിഎമ്മിന്റെ തീരുമാനം. അതേസമയം, ഇടതുമുന്നണി നേതൃത്വം നൽകുന്ന സംസ്‌ഥാന സർക്കാരിന്റെയോ പഞ്ചായത്തിന്റെയോ അനുമതി ഇല്ലാതെ പ്ളാന്റ് എങ്ങനെ പ്രവർത്തനം തുടങ്ങുമെന്നാണ് പ്രതിപക്ഷ പാർട്ടികൾ ഉയർത്തുന്ന ചോദ്യം. ഇതോടെ ചൂർകുന്നിലെ പ്ളാന്റിന്റെ പ്രവർത്തനം വിവാദത്തിലായിരിക്കുകയാണ്.
കണ്ണമ്പ്ര പഞ്ചായത്തിലെ ചൂർകുന്നിന് സമീപത്തെ തോട്ടഭൂമിയിലാണ് ടാർ മിക്‌സിങ് പ്ളാന്റിന്റെ പ്രവർത്തനം ആരംഭിച്ചത്. പഞ്ചായത്തിന്റെ അനുമതിയോ, യാതൊരുവിധ സുരക്ഷാ മാനദണ്ഡമോ ഇല്ലാതെയാണ് ഈ മേഖലയിൽ ടാർ മിക്‌സിങ് പ്ളാന്റ് ആരംഭിച്ചതെന്നാണ് ആക്ഷേപം. ജനവാസ മേഖലയായ ഇവിടെ പ്ളാന്റ് സ്‌ഥാപിച്ചാൽ ഗുരുതര ആരോഗ്യ പ്രശ്‍നങ്ങളാണ് ഉണ്ടാകാൻ പോകുന്നത്.
പ്ളാന്റിന് സമീപത്തായി നാല് വാർഡുകളിലെ എഴുന്നൂറോളം കുടുംബങ്ങളാണ് താമസിക്കുന്നത്. പ്ളാന്റിന്റെ നിർമാണം തുടങ്ങിയാൽ പാടശേഖരങ്ങളടക്കം മലിനമാകുമെന്നാണ് പരാതി. തോട്ടഭൂമി തരം മാറ്റാൻ നിയന്ത്രണമുള്ള സാഹചര്യത്തിൽ ഒരു നിബന്ധനയും പാലിക്കാതെയാണ് പ്ളാന്റ് തുടങ്ങിയതെന്നാണ് സിപിഎം നേതാക്കൾ ആരോപിക്കുന്നത്. പ്ളാന്റിന്റെ നിർമാണം അവസാനഘട്ടത്തിലാണ്. നിർമാണം നിർത്തിവെക്കണം എന്നാവശ്യപ്പെട്ട് പാർട്ടിയുടെ നേതൃത്വത്തിൽ കഴിഞ്ഞ ദിവസം മാർച്ചും നടത്തിയിരുന്നു.
Most Read: കണ്ണൂർ സർവകലാശാല കമ്പ്യൂട്ടർ ലാബിലെ തീപിടിത്തം; അന്വേഷണം ആരംഭിച്ചു








































