തിരുവനന്തപുരം: തെരുവുനായ ശല്യം രൂക്ഷമായ സാഹചര്യത്തിൽ സംസ്‌ഥാനത്ത് 170 ഹോട്ട്സ്‌പോട്ടുകൾ രൂപീകരിച്ചതായി മൃഗസംരക്ഷണ വകുപ്പ് മന്ത്രി ചിഞ്ചുറാണി പറഞ്ഞു. ഹോട്ട്സ്‌പോട്ടുകൾ കേന്ദ്രീകരിച്ചു വാക്‌സിനേഷൻ ഊർജിതമാക്കാൻ ബന്ധപ്പെട്ട ഉദ്യോഗസ്‌ഥർക്ക് നിർദ്ദേശം നൽകുമെന്നും മന്ത്രി അറിയിച്ചു. തിരുവനന്തപുരത്ത് മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മന്ത്രി.
അക്രമകാരികളായ തെരുവ് നായ്‌ക്കളെ പിടികൂടി മാറ്റിപ്പാർപ്പിക്കാൻ ജില്ലാ തലങ്ങളിൽ ആനിമൽ ഷെൽട്ടറുകൾ സ്‌ഥാപിക്കാൻ ആവശ്യമായ നടപടി സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു. 2023 മുതൽ സംസ്‌ഥാനത്ത് പെറ്റ് ഷോപ്പ് റൂൾ, ഡോഗ് ബ്രീഡിങ് റൂൾ എന്നിവ നടപ്പിലാക്കും. ഇതിന് പുറമെ വളർത്തു നായ്‌ക്കൾക്ക് ലൈസൻസ്, പേവിഷ പ്രതിരോധ കുത്തിവെപ്പ് എന്നിവ നിർബന്ധമാക്കുമെന്നും മന്ത്രി വ്യക്‌തമാക്കി.
സംസ്‌ഥാനത്താകെ 18,852 തെരുവ് നായ്‌ക്കളെ വന്ധ്യംകരിച്ചിട്ടുണ്ട്. 33,363 തെരുവ് നായ്‌ക്കൾക്ക് പേവിഷ പ്രതിരോധ വാക്‌സിൻ നൽകി. ഇതിന് പുറമെ 4.7 ലക്ഷം വളർത്തു നായകൾക്ക് വാക്‌സിൻ നൽകിയതായും മന്ത്രി കൂട്ടിച്ചേർത്തു. ആറുമാസത്തിനിടെ ഒന്നരലക്ഷത്തിലേറെ പേർക്കാണ് നായ്‌ക്കളുടെ കടിയേറ്റത് എന്നാണ് റിപ്പോർട്. ഏഴ് പേർ പേവിഷബാധയേറ്റ് മരിക്കുകയും ചെയ്‌തിട്ടുണ്ട്. ജൂണിലെ അനൗദ്യോഗിക കണക്കുകൾ പ്രകാരം ഇതുവരെ 25,000ത്തിലേറെ പേർക്ക് കടിയേറ്റതായാണ് വിവരം.
Most Read: കേരളത്തെ കൊള്ളയടിക്കുന്ന മുഖ്യമന്ത്രിയുടെ ഇടപാടുകളിൽ അന്വേഷണം വേണം; കെ സുധാകരൻ