വയനാട്: മാനന്തവാടിയില്‍ രൂക്ഷമായി തെരുവുനായ ശല്യം. മൂന്നുപേര്‍ക്ക് തെരുവുനായകളുടെ ആക്രമണത്തില്‍ പരിക്കേറ്റു. മാനന്തവാടി-കോഴിക്കോട് റോഡില്‍ കാട്ടിക്കുളം മജിസ്ട്രേറ്റ് കവല വെങ്ങാലൂര്‍ വിനോദാസ് (30), എരുമത്തെരുവില്‍ കണിയാരം കടപ്പൂര് അമല്‍ജോസഫ് (17), കണിയാരം ഈന്തുകുഴിയില്‍ ചാക്കോ (65), ഒരു തമിഴ്നാട് സ്വദേശി എന്നിവര്‍ക്കാണ് കടിയേറ്റത്.
വിനോദാസ്, അമല്‍ജോസഫ് എന്നിവര്‍ക്ക് വെള്ളിയാഴ്ചയും ചാക്കോയ്ക്ക് ശനിയാഴ്ചയുമാണ് നായയുടെ കടിയേറ്റത്. രാവിലെ പത്ര വിതരണത്തിനിടെ കണിയാരം കെ.എസ്.ഇ.ബി ഓഫിസിനു സമീപത്ത് വെച്ചായിരുന്നു ചാക്കോയ്ക്ക് നേരെയുള്ള തെരുവുനായകളുടെ ആക്രമണം. വെള്ളിയാഴ്ച കണിയാരത്തു വെച്ചായിരുന്നു തമിഴ്നാട് സ്വദേശിക്ക് കടിയേറ്റത്. ഇവരെ മാനന്തവാടി ജില്ല ആശുപത്രിയുടെ സാറ്റ്ലൈറ്റ് കേന്ദ്രമായ വിന്‍സെന്റ് ഗിരി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
Read Also: കോവിഡ് അവലോകനം; ഈ ആഴ്ച മുഖ്യമന്ത്രിമാരുടെ യോഗം വിളിക്കും
മാനന്തവാടി ടൗണിലും പരിസര പ്രദേശങ്ങളിലും സമീപകാലത്തായി തെരുവുനായ ശല്യം രൂക്ഷമാണ്. ഇതിനെതിരെ അടിയന്തര നടപടി സ്വീകരിക്കാന്‍ നഗരസഭ തയാറാവണമെന്ന ആവശ്യവും ശക്തമായി വരികയാണ്.
അതേസമയം മാനന്തവാടി നഗരത്തിലെയും പരിസര പ്രദേശങ്ങളിലെയും തെരുവുനായ ശല്യം തടയാന്‍ അടിയന്തര നടപടി സ്വീകരിക്കണമെന്ന് മാനന്തവാടി മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി ആവശ്യപ്പെട്ടു. ടൗണിലും പരിസര പ്രദേശങ്ങളിലും തെരുവുനായ ശല്യം രൂക്ഷമാണെന്നും അടിയന്തര നടപടി സ്വീകരിക്കാന്‍ നഗരസഭ ഭരണസമിതി തയ്യാറാവണമെന്നും കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് ഡെന്നിസണ്‍ കണിയാരം ആവശ്യപ്പെട്ടു.







































