തൃശൂർ: ജില്ലയിലും തെരുവ് നായകളുടെ ആക്രമണം രൂക്ഷമാകുന്നു. തളിക്കുളം നമ്പിക്കടവില്‍ 4 കുട്ടികൾക്കാണ് തെരുവ് നായകളുടെ കടിയേറ്റത്. ഇവരെ നിലവിൽ തൃശൂർ മെഡിക്കൽ കോളേജിൽ എത്തിച്ച് ചികിൽസ നൽകി വിട്ടയച്ചു.
സ്‌നേഹതീരം ബീച്ചിനോട് ചേര്‍ന്ന നമ്പിക്കടവ് പ്രദേശത്ത് വച്ച് 10ആം ക്‌ളാസുകാരിയായ തീർഥ എന്ന കുട്ടിക്കാണ് ആദ്യം തെരുവ് നായകളുടെ കടിയേറ്റത്. തുടർന്ന് ഓത്തുപള്ളിയിലേക്ക് പോവുകയായിരുന്ന ഹംദാൻ, മുഹമ്മദ് അമീൻ എന്നീ കുട്ടികളെയും നായകൾ ആക്രമിച്ചു. അമീന്റെ നിലവിളി കേട്ടെത്തിയ അമൃത എന്ന കുട്ടിക്കും നായയുടെ കടിയേറ്റു. അമൃതക്കും അമീനും കാലിലും ഹംദാന് ചെവിക്ക് പിന്നിലും കൈയ്‌ക്കുമാണ് കടിയേറ്റത്.
കുട്ടികളെ ആക്രമിച്ച ശേഷം ഈ നായകൾ തൊട്ടടുത്ത വീടുകളിലെ വളർത്തു നായകളെയും കടിച്ചതായി പ്രദേശവാസികൾ വ്യക്‌തമാക്കി. തുടർന്ന് കടൽത്തീരത്തേക്ക് പോയ നായകളെ നാട്ടുകാർ ചേർന്ന് തല്ലിക്കൊന്നു. പ്രദേശത്ത് തെരുവ് നായ ശല്യം രൂക്ഷമായിട്ടും പഞ്ചായത്ത് നടപടി സ്വീകരിക്കുന്നില്ലെന്നാണ് നാട്ടുകാർ ഉന്നയിക്കുന്ന പരാതി.
Read also: ബാലുശേരി ആൾക്കൂട്ട ആക്രമണം; മുഖ്യപ്രതി സഫീർ പിടിയിൽ









































