പാലക്കാട്: കേരളത്തിൽ നിപ സ്ഥിരീകരിച്ച സാഹചര്യത്തിൽ വാളയാറിൽ പരിശോധന കർശനമാക്കിയതോടെ അതിർത്തി കടക്കാനാവാതെ ജനങ്ങൾ. ഇന്നലെ കേരള അതിർത്തിയിൽ വിദ്യാർഥികൾ ഉൾപ്പടെ 60 പേരെയാണ് തമിഴ്നാട് പോലീസ് മടക്കിയയച്ചത്. ആവശ്യമായ രേഖകൾ ഇല്ലെന്ന കാരണം പറഞ്ഞാണ് ഇവരെ മടക്കിയയച്ചത്. കൂടാതെ, പനി, ചുമ, മറ്റ് അസ്വസ്ഥതകൾ ഉള്ളവരെയും മടക്കി അയക്കും.
ഇത് പരിശോധിക്കാനായി ആരോഗ്യ വകുപ്പിന്റെ പ്രത്യേക സ്ക്വാഡും വാളയാറിലുണ്ട്. അതിർത്തി കടക്കാൻ ആളുകൾ വർധിച്ചതോടെ അടുത്ത ദിവസം മുതൽ ചെറുവഴികളിലും, മറ്റ് ഊടുവഴികളിലും പരിശോധന നടത്താനാണ് തമിഴ്നാടിന്റെ തീരുമാനം. മതിയായ രേഖകൾ ഉണ്ടെങ്കിൽ പോലും ആളുകളുടെ ശരീരോഷ്മാവ് പരിശോധിച്ചതിന് ശേഷം മാത്രമാണ് അതിർത്തി കടക്കാൻ അനുമതി നൽകുന്നത്.
ഇരുചക്ര വാഹനത്തിൽ പിൻ സീറ്റിൽ ഇരിക്കുന്നവർക്കും ഹെൽമെറ്റ് നിർബന്ധമാണ്. കാറിൽ യാത്ര ചെയ്യുന്നവർ സീറ്റ് ബെൽറ്റ് ധരിക്കണം. നിയമം ലംഘിച്ചാൽ പിഴ ഈടാക്കുമെന്നും തമിഴ്നാട് പോലീസ് അറിയിച്ചിട്ടുണ്ട്. കൂടാതെ, തമിഴ്നാട്ടിലേക്ക് പ്രവേശിക്കാൻ ഇ പാസിനൊപ്പം രണ്ട് വാക്സിനേഷൻ സർട്ടിഫിക്കറ്റ് അല്ലെങ്കിൽ 72 മണിക്കൂറിനകം എടുത്ത ആർടിപിസിആർ നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാണ്.
Read Also: മത വിശ്വാസത്തേക്കാൾ പ്രധാനം ജീവിക്കാനുള്ള അവകാശം; ഹരജി തള്ളി മദ്രാസ് ഹൈക്കോടതി







































