തൃശൂർ : പൂരത്തിന് കൊടിയേറിയതിന് പിന്നാലെ ആനകളെ എഴുന്നള്ളിക്കുന്നതിൽ കർശന നിർദേശവുമായി വനംവകുപ്പ്. തൃശൂർ പൂരത്തിന് എഴുന്നള്ളിക്കുന്ന എല്ലാ ആനകളുടെയും പാപ്പാൻമാർ ആർടിപിസിആർ പരിശോധന നടത്തി കോവിഡ് നെഗറ്റീവ് ആണെന്ന് തെളിയിക്കുന്ന സർട്ടിഫിക്കറ്റ് ഹാജരാക്കണം. പാപ്പാൻമാർക്ക് നെഗറ്റീവ് ആണെങ്കിൽ മാത്രമേ ആനകളെ എഴുന്നള്ളിപ്പിന് പങ്കെടുപ്പിക്കാൻ സാധിക്കുകയുള്ളൂ.
അതേസമയം തന്നെ ആനകളുടെ എണ്ണത്തിൽ നിയന്ത്രണം ഏർപ്പെടുത്തിയിട്ടില്ലെന്നും വനംവകുപ്പ് വ്യക്‌തമാക്കി. കൂടാതെ ആനകളുടെ ഫിറ്റ്‌നെസ് പരിശോധനക്കായി 40 അംഗ സംഘത്തെ നിയോഗിച്ചതായും അധികൃതർ അറിയിച്ചു.
മദപ്പാടുള്ള ആനകളെയും, നിരവധി ആളുകളെ കൊലപ്പെടുത്തിയ ആനകളെയും പൂരത്തിൽ പങ്കെടുപ്പിക്കില്ല. പൂരത്തിന്റെ തലേ ദിവസം 6 മണിക്ക് മുൻപായി ആനകളുടെ എല്ലാ പരിശോധനകളും പൂർത്തിയാക്കണമെന്നും, നാട്ടാന പരിപാലന ചട്ടം കർശനമായി പാലിക്കണമെന്നും വനംവകുപ്പ് വ്യക്‌തമാക്കി.
Read also : കോവിഡ് വ്യാപനം രൂക്ഷം, ഓക്‌സിജൻ ക്ഷാമം നേരിട്ടേക്കാം; ആരോഗ്യമന്ത്രി