കണ്ണൂർ: തലശ്ശേരിയിൽ ആഡംബര കാർ ഇടിച്ച് വിദ്യാർഥി മരിച്ച സംഭവത്തിൽ പോലീസിനെതിരെ കുടുംബം. അപകടം നടന്ന് രണ്ടാഴ്‌ചയായിട്ടും പ്രതി റൂബിൻ ഉമറിനെ അറസ്‌റ്റ് ചെയ്യാത്തത് ഒത്തുകളിയാണെന്നാണ് മരിച്ച വിദ്യാർഥിയുടെ കുടുംബം ആരോപിക്കുന്നത്. പ്രതിക്ക് മുൻകൂർജാമ്യം കിട്ടുന്നതുവരെ പോലീസ് കാത്തു നിൽക്കുകയാണെന്ന് കുടുംബം കുറ്റപ്പെടുത്തി.
പെരുന്നാൾ തലേന്ന് റൂബിൻ ഉമറും സുഹൃത്തുക്കളും ആഡംബര കാറിൽ സാഹസ പ്രകടനങ്ങൾ നടത്തുന്നതിനിടെ സ്‌കൂട്ടറിൽ പോകുകയായിരുന്ന ബിടെക് വിദ്യാർഥി അഫ്‌ലഹ് ഫറാസിന്റെ സ്‌കൂട്ടറിൽ ഇടിക്കുകയായിരുന്നു. മരണത്തിൽ പ്രതിഷേധം കനത്തതോടെ നരഹത്യയ്‌ക്ക് കേസെടുത്തെങ്കിലും രണ്ടാഴ്‌ചയായി പ്രതി റൂബിൻ ഉമറിനെ പിടികൂടിയില്ല. പ്രതി സമ്പന്നനായതിനാൽ പോലീസ് ഒത്തുകളിക്കുന്നു എന്ന ആരോപണം ശക്‌തമാണ്. എന്നാൽ റൂബിനായി വ്യാപക തിരച്ചിൽ നടത്തുന്നുണ്ട് എന്നാണ് പോലീസ് വിശദീകരണം.
ജുലൈ 20 ചൊവ്വാഴ്‌ച രാത്രി ഒൻപതര മണിയോടെയാണ് അപകടമുണ്ടായത്. ബലിപെരുന്നാൾ ആഘോഷിക്കാൻ കതിരൂർ ഉക്കാസ് മൊട്ട സ്വദേശി റൂബിൻ ഉമർ നാല് സുഹൃത്തുക്കളോടൊപ്പം പജീറോ കാറിൽ തലശ്ശേരിയിലെത്തി. ഓരോ കവലയിലും ഡ്രിഫ്റ്റ്, ബേൺ ഔട്ട് ഇങ്ങനെയുള്ള സാഹസ പ്രകടനങ്ങൾ നടത്തി പജീറോ അമിത വേഗത്തിൽ ഓടിച്ചു. പലരും ഈ കാഴ്‌ച കാണുന്നുണ്ടായിരുന്നു.
ജൂബിലി ജങ്ഷനിലെ വളവിൽ റോങ് സൈഡ് കയറിയ പജീറോ എതിരെ വന്ന അഫ്‌ലഹിന്റെ സ്‌കൂട്ടറിൽ ഇടിക്കുകയായിരുന്നു. ബന്ധുവീട്ടിൽ ലാപ്ടോപ് വാങ്ങാൻ പോയി മടങ്ങുകയായിരുന്നു ചമ്പാട് സ്വദേശിയായ അഫ്‌ലഹ്.
അപകടമുണ്ടായ ഉടനെ കാറിന്റെ നമ്പർപ്ളേറ്റ് അഴിച്ചുമാറ്റിറൂബിൻ ഉമറും സംഘവും മുങ്ങി. സിസിടിവി തെളിവു കിട്ടിയിട്ടും തലശ്ശേരി പോലീസ് കേസ് ആദ്യം ഗൗരവത്തിലെടുത്തില്ല. പിന്നീട് ആക്ഷൻ കമ്മറ്റിയുണ്ടാക്കി നാട്ടുകാർ മുഖ്യമന്ത്രിക്കടക്കം പരാതി നൽകി പ്രതിഷേധം കടുപ്പിച്ചതോടെയാണ് പോലീസ് നരഹത്യയ്‌ക്ക് കേസെടുത്തത്. പക്ഷേ ഇതുവരെ റൂബിനെ പോലീസ് അറസ്‌റ്റ് ചെയ്‌തിട്ടില്ല.
Most Read: മുട്ടിൽ മരംമുറി കേസ്; പ്രതികളെ ഇന്ന് തെളിവെടുപ്പിനായി സംഭവ സ്‌ഥലത്തെത്തിക്കും







































