വയനാട്: ലക്കിടിയിൽ പ്രണയാഭ്യർഥന നിരസിച്ചതിന്റെ പേരിൽ പെൺകുട്ടിയെ കുത്തിപ്പരിക്കേൽപ്പിച്ച കേസിൽ പ്രതിയെ തെളിവെടുപ്പിന് എത്തിച്ചു. പാലക്കാട് മണ്ണാർക്കാട് സ്വദേശിയായ ദീപുവിനെയാണ് സംഭവം നടത്തിയ ലക്കിടി ഓറിയന്റൽ കോളേജ് പരിസരത്ത് തെളിവെടുപ്പിന് എത്തിച്ചത്. തെളിവെടുപ്പ് പൂർത്തിയാക്കി പ്രതിയെ കോടതിയിൽ ഹാജരാക്കും. സംഭവ സമയത്ത് ദീപുവിന്റെ കൂടെ ഉണ്ടായിരുന്ന സുഹൃത്ത് ജിഷ്‌ണുവിനെയും പോലീസ് കസ്‌റ്റഡിയിൽ എടുത്തിട്ടുണ്ട്.
ദീപു പെൺകുട്ടിയെ ആക്രമിക്കാൻ വന്നതാണെന്ന് അറിയില്ലായിരുന്നുവെന്നാണ് ജിഷ്‌ണു പോലീസിൽ മൊഴി നൽകിയത്. ഇയാളെ കൂടുതൽ ചോദ്യം ചെയ്‌തതിന് ശേഷമായിരിക്കും അറസ്‌റ്റ് രേഖപ്പെടുത്തുക. ആക്രമണത്തിൽ പരിക്കേറ്റ പുൽപ്പള്ളി സ്വദേശിനിയായ വിദ്യാർഥിനി വയനാട്ടിലെ സ്വകാര്യ ആശുപത്രിയിൽ ചികിൽസയിലാണ്. മുഖത്ത് സാരമായി പരിക്കേറ്റതിനാൽ പെൺകുട്ടിയുടെ മൊഴി പിന്നീട് രേഖപ്പെടുത്തും.
വയനാട് ലക്കിടി ഓറിയന്റൽ കോളേജിലെ രണ്ടാംവർഷ വിദ്യാർഥിനിക്കാണ് കുത്തേറ്റത്. ഇന്നലെ വൈകിട്ട് നാലരയ്‌ക്കാണ് സംഭവം. ലക്കിടി കോളേജിന് സമീപത്തേക്ക് സുഹൃത്തിനൊപ്പം ബൈക്കിൽ എത്തിയ ദീപു പെൺകുട്ടിയെ കുത്തുകയായിരുന്നു. പെൺകുട്ടിയുടെ മുഖത്ത് നിരവധി മുറിവുകളേറ്റിട്ടുണ്ട്. പെൺകുട്ടിയെ ആക്രമിച്ചതിന് ശേഷം ദീപു കൈ ഞരമ്പ് മുറിച്ച് ആത്‍മഹത്യക്ക് ശ്രമിച്ചിരുന്നു.
Most Read: ആലുവയിലെ നവവധുവിന്റെ ആത്‍മഹത്യ; വീഴ്‌ച വരുത്തിയ സിഐക്കെതിരെ നടപടി







































