പാലക്കാട്: വേനൽക്കാലം ആരംഭിച്ചതോടെ സംസ്‌ഥാനത്ത് ചൂട് കൂടുകയാണ്. പാലക്കാട് ജില്ലയിൽ താപനില ഇന്ന് 41 ഡിഗ്രി കടന്നു. മുണ്ടൂർ ഐആർടിസിയിലെ താപമാപിനിയിലാണ് 41 ഡിഗ്രി ചൂട് രേഖപ്പെടുത്തിയത്. ജില്ലയിൽ ഈ വർഷം ഇതുവരെ രേഖപ്പെടുത്തിയതിൽ വെച്ച് ഏറ്റവും ഉയർന്ന താപനിലയാണിത്. ഗ്രാമപ്രദേശങ്ങളെ അപേക്ഷിച്ച് പാലക്കാട് നഗരത്തിലാണ് ചൂട് കൂടുതൽ. 2016ലെ 41.9 ഡിഗ്രിയാണ് ജില്ലയിൽ ഇതുവരെ രേഖപ്പെടുത്തിയതിലെ ഏറ്റവും ഉയർന്ന താപനില. ചൂട് കനക്കുന്നതോടെ കുടിവെള്ള ക്ഷാമം ഉണ്ടാകുമോ എന്ന ആശയങ്കയിലാണ് ജില്ലാ നിവാസികൾ.
അതേസമയം, ഇത്തവണത്തെ വേനൽ മുൻവർഷങ്ങളിലെയത്ര പൊള്ളിക്കില്ലെന്നാണ് കാലാവസ്‌ഥാ പ്രവചനം. കേന്ദ്ര കാലാവസ്‌ഥാ വകുപ്പ് പുറത്തിറക്കിയ പ്രീ മൺസൂൺ സീസണൽ പ്രവചനത്തിലാണു മാർച്ച്, ഏപ്രിൽ, മെയ് മാസങ്ങളിൽ ചൂട് സാധാരണയുള്ളതിനേക്കാൾ കുറവായിരിക്കുമെന്ന സൂചനയാണുള്ളത്.
ഇതിനിടെ ബംഗാൾ ഉൾക്കടലിലെ തീവ്രന്യൂനമർദ്ദം അടുത്ത 12 മണിക്കൂറിനുള്ളിൽ അതിതീവ്ര ന്യൂനമർദ്ദമായി മാറും. നിലവിൽ തെക്ക് പടിഞ്ഞാറൻ ഉൾക്കടലിൽ സ്‌ഥിതി ചെയ്യുന്ന ന്യൂനമർദ്ദം ശ്രീലങ്കൻ തീരം വഴി തമിഴ്‌നാടിന്റെ വടക്കൻ തീരത്തേക്ക് നീങ്ങാനാണ് സാധ്യത. ന്യൂനമർദ്ദത്തിന്റെ ഫലമായി കേരളത്തിൽ അടുത്ത ദിവസങ്ങളിൽ മഴ കിട്ടുമെന്നാണ് പ്രവചനം. മറ്റന്നാൾ മുതലാണ് സംസ്‌ഥാന വ്യാപകമായി ഒറ്റപ്പെട്ട മഴക്ക് സാധ്യതയുള്ളത്.
Most Read: 20 വർഷം ഓട്ടോഡ്രൈവർ, ഇനി മേയർ; കുംഭകോണം കോർപറേഷന്റെ നായകനായി ശരവണൻ






































