മുംബൈ: വിമാനാപകടത്തിൽ മരിച്ച മഹാരാഷ്‌ട്ര ഉപമുഖ്യമന്ത്രി അജിത് പവാറിന്റെ സംസ്‌കാര ചടങ്ങുകൾ അവസാനിച്ചതിന് പിന്നാലെ മുംബൈയിൽ എൻസിപി നേതൃയോഗം ചേർന്നു. അജിത് പവാറിന്റെ ഭാര്യയും രാജ്യസഭാ അംഗവുമായ സുനേത്ര പവാറിനോട് ഉപമുഖ്യമന്ത്രി പദം ഏറ്റെടുക്കാൻ എൻസിപി നേതാക്കൾ ആവശ്യപ്പെട്ടതായാണ് വിവരം.
സുനേത്ര പവാർ സ്‌ഥാനം ഏറ്റെടുക്കണമെന്ന് ജനങ്ങൾ ആഗ്രഹിക്കുന്നുവെന്ന് എൻസിപി നേതാവും മഹാരാഷ്‌ട്ര മന്ത്രിയുമായ നർഹരി സിർവാൽ പറഞ്ഞു. ഉപമുഖ്യമന്ത്രി പദം സുനേത്ര ഏറ്റെടുക്കാൻ തയ്യാറായാൽ അജിത് പവാറിന്റെ ബാരാമതി സീറ്റിൽ ഇവർ മൽസരിച്ചേക്കും. ഇക്കാര്യത്തിൽ മറ്റു നിർദ്ദേശങ്ങളും ഭാവി പരിപാടികളും ചർച്ച ചെയ്യുന്നതിനായി എൻസിപി നേതാക്കൾ മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസിനെ കണ്ടേക്കും.
നിലവിലെ വർക്കിങ് പ്രസിഡണ്ട് പ്രഫുൽ പട്ടേൽ പാർട്ടിയുടെ നേതൃത്വത്തിലേക്ക് വരും. ശരത് പവാറിന്റെ നേതൃത്വത്തിലുള്ള എൻസിപിയുമായി ലയിക്കുന്നത് അടുത്തഘട്ടത്തിലെ തീരുമാനിക്കുകയുള്ളൂ. മഹാരാഷ്‌ട്ര മുനിസിപ്പൽ തിരഞ്ഞെടുപ്പ് മുതൽ അജിത് പവാർ ലയന ചർച്ചകൾ നടത്തിവരികയായിരുന്നു. ഇതിനിടയിലാണ് അദ്ദേഹത്തിന്റെ വിയോഗം.
സുനേത്ര നിലവിൽ രാജ്യസഭാ അംഗമാണ്. ഭരണപരമായ പരിചയം ഇല്ലെങ്കിലും രാഷ്‌ട്രീയമായി സജീവമാണ്. അജിത് പവാറിന്റെ മകൻ പാർഥ് പവാർ ഒരുതവണ മാവൽ മണ്ഡലത്തിൽ മൽസരിച്ച് തോറ്റിരുന്നു. മറ്റൊരു മകനായ ജയ് പവാറാണ് ഇക്കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ അജിത് പവാറിന്റെ തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങളുടെ ചുമതല വഹിച്ചിരുന്നത്.
Most Read| ചൊറി വന്നാൽ പിന്നെ സഹിക്കാൻ പറ്റുമോ! വിചിത്ര ശീലവുമായി വെറോണിക്ക




































