ന്യൂഡെല്‍ഹി : 3000 ത്തോളം മരങ്ങള്‍ മുറിച്ചു മഥുര ശ്രീകൃഷണ ക്ഷേത്രത്തിലേക്കുള്ള റോഡിന് വീതി കൂട്ടാനുള്ള ഉത്തര്‍പ്രദേശ് സര്‍ക്കാരിന്റെ നീക്കത്തിന് കര്‍ശന മറുപടിയുമായി സുപ്രീംകോടതി. റോഡിന്റെ വികസനത്തിനായി ഇത്രയധികം മരങ്ങള്‍ മുറിക്കാന്‍ അനുവദിക്കില്ലെന്ന് കോടതി കര്‍ശന മുന്നറിയിപ്പ് നല്കി. ഇത്രയധികം മരങ്ങള്‍ മുറിച്ചു മാറ്റി റോഡിന്റെ വികസനം നടത്തുന്നതിനെതിരെ പരിസ്ഥിതി സംരക്ഷകര്‍ നല്കിയ ഹരജിയിലാണ് സുപ്രീംകോടതി ഇക്കാര്യം വ്യക്തമാക്കിയത്. ചീഫ് ജസ്റ്റിസ് എസ്എ ബോബ്ഡെ അധ്യക്ഷനായ ബെഞ്ചാണ് ഹരജിയില്‍ വിധി പറഞ്ഞത്.
ഉത്തര്‍പ്രദേശിലെ മഥുര ജില്ലയില്‍ സ്ഥിതി ചെയ്യുന്ന ശ്രീകൃഷണ ക്ഷേത്രത്തിലേക്കുള്ള റോഡിന് വീതി കൂട്ടുന്നതിനായാണ് യുപി സര്‍ക്കാര്‍ 2,940 മരങ്ങള്‍ മുറിച്ചു മാറ്റാന്‍ തീരുമാനിച്ചത്. മുറിച്ചു മാറ്റുന്ന മരങ്ങളേക്കാള്‍ കൂടുതല്‍ തൈകള്‍ നട്ട് പിടിപ്പിക്കാമെന്നും, 134.41 കോടി രൂപ നഷ്ടപരിഹാരമായി നല്‍കാമെന്നും യുപി സര്‍ക്കാര്‍ കോടതിയില്‍ അറിയിച്ചു. എന്നാല്‍ ഇപ്പോള്‍ മുറിച്ചു മാറ്റാന്‍ ഉദ്ദേശിക്കുന്ന മരങ്ങള്‍ 100 വര്‍ഷത്തോളം പഴക്കമുള്ളതാണെന്നും, പുതിയതായി നട്ട് പിടിക്കുന്നവ അതിന് പരിഹാരമാകില്ലെന്നും സുപ്രീംകോടതി വ്യക്തമാക്കി. അതിനാല്‍ തന്നെ കൃഷണന്റെ പേരില്‍ ഇത്രയധികം മരങ്ങള്‍ മുറിച്ചു മാറ്റാന്‍ അനുവാദം നല്‍കില്ലെന്നും കോടതി വ്യക്തമാക്കി.
റോഡിന് സമീപത്തായി നില്ക്കുന്ന മരങ്ങള്‍ ഗതാഗത തടസം ഉണ്ടാക്കുന്നുവെന്നും അപകടങ്ങള്‍ സൃഷ്ടിക്കുന്നുവെന്നും യുപി സര്‍ക്കാര്‍ കോടതിയില്‍ പറഞ്ഞു. എന്നാല്‍ ഈ വാദം കോടതി അംഗീകരിച്ചില്ല. അപകടം ഒഴിവാക്കാന്‍ മരം മുറിക്കുന്നതിനേക്കാള്‍ വേഗത കുറക്കുന്നതാണ് നല്ലതെന്ന് കോടതി മറുപടി നൽകി.
Read also : കര്‍ഷക സമരം; ചര്‍ച്ചക്ക് പ്രധാനമന്ത്രി നേതൃത്വം നല്‍കണമെന്ന് സംഘടനകള്‍





































