ന്യൂഡെൽഹി: കേരളത്തിലെ തീവ്ര വോട്ടർപട്ടിക പരിഷ്കരണം (എസ്ഐആർ) പൂർണമായി തടയാതെ സുപ്രീം കോടതി. എന്യൂമറേഷൻ ഫോം സമർപ്പിക്കുന്നതിനുള്ള അവസാന തീയതി നീട്ടുന്നത് അനുഭാവപൂർവ്വം പരിഗണിക്കാൻ തിരഞ്ഞെടുപ്പ് കമ്മീഷന് കോടതി നിർദ്ദേശം നൽകി.
എസ്ഐആർ പ്രക്രിയയ്ക്ക് നിലവിൽ ഉള്ളതിനേക്കാൾ കൂടുതൽ സംസ്ഥാന സർക്കാർ ജീവനക്കാരെ ഉപയോഗിക്കരുതെന്നും കോടതി നിർദ്ദേശിച്ചു. കേരളത്തിലെ എസ്ഐആർ നടപടിയുടെ നിലവിലെ സ്ഥിതി കേന്ദ്ര-സംസ്ഥാന കമ്മീഷനുകൾ കോടതിയെ ധരിപ്പിച്ചു. ഇത് കേട്ട ശേഷമാണ് ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ച്, എസ്ഐആർ നടപടികളുമായി കമ്മീഷന് മുന്നോട്ട് പോകാമെന്ന് പറഞ്ഞത്.
അതേസമയം, എന്യൂമറേഷൻ ഫോം സമർപ്പിക്കാനുള്ള അവസാന തീയതി ഒരാഴ്ചയോ കൂടുതലോ നീട്ടുന്നതിന് മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർക്ക് നിവേദനം നൽകാൻ സംസ്ഥാന സർക്കാരിന് കോടതി നിർദ്ദേശം നൽകി. നീട്ടണമെന്ന ആവശ്യം ന്യായമെന്ന് ചീഫ് ജസ്റ്റിസ് പറഞ്ഞു. സംസ്ഥാന സർക്കാരിന്റെ അപേക്ഷ കിട്ടി രണ്ട് ദിവസത്തിനുള്ളിൽ ഉചിതമായ തീരുമാനം എടുക്കണമെന്നാണ് ബെഞ്ചിന്റെ നിർദ്ദേശം.
സംസ്ഥാന സർക്കാരുകൾക്കും ഭരണഘടനാ സ്ഥാപനങ്ങൾക്കും ഉള്ളതിനേക്കാൾ പ്രശ്നം എസ്ഐആർ കാരണം രാഷ്ട്രീയ പാർട്ടികൾ നേരിടുന്നുണ്ടെന്നും കോടതി നിരീക്ഷിച്ചു. എസ്ഐആർ നടപടികൾ തദ്ദേശ തിരഞ്ഞെടുപ്പിനെ ബാധിച്ചിട്ടില്ല എന്ന് സംസ്ഥാന കമ്മീഷനും സുപ്രീം കോടതിയെ അറിയിച്ചു. എസ്ഐആർ ഫോമുകളുടെ ഡിജിറ്റലൈസേഷൻ 88 ശതമാനം പൂർത്തിയായെന്നും കമ്മീഷൻ അറിയിച്ചിരുന്നു.
Most Read| നിയമസഭാ തിരഞ്ഞെടുപ്പ്; നേമത്ത് നിന്ന് മൽസരിക്കുമെന്ന് രാജീവ് ചന്ദ്രശേഖർ








































