കെഎസ് ഷാൻ വധക്കേസ്; പ്രതികൾക്ക് ഇടക്കാല ജാമ്യം അനുവദിച്ച് സുപ്രീം കോടതി

ഇടക്കാല ജാമ്യത്തിലിറങ്ങുന്ന പ്രതികൾ ആലപ്പുഴ ജില്ലയിൽ പ്രവേശിക്കരുതെന്ന് സുപ്രീം കോടതി നിർദ്ദേശിച്ചു.

By Senior Reporter, Malabar News
Shan murder Case
Ajwa Travels

ന്യൂഡെൽഹി: എസ്‍ഡിപിഐ സംസ്‌ഥാന സെക്രട്ടറിയായിരുന്ന കെഎസ് ഷാനെ കൊലപ്പെടുത്തിയ കേസിലെ പ്രതികളായ ആർഎസ്എസ് പ്രവർത്തകർക്ക് ഇടക്കാല ജാമ്യം അനുവദിച്ച് സുപ്രീം കോടതി. ഇടക്കാല ജാമ്യത്തിലിറങ്ങുന്ന പ്രതികൾ ആലപ്പുഴ ജില്ലയിൽ പ്രവേശിക്കരുതെന്ന് സുപ്രീം കോടതി നിർദ്ദേശിച്ചു.

വിചാരണാ നടപടിയുമായി പ്രതികൾ പൂർണമായും സഹകരിക്കണമെന്നും സുപ്രീം കോടതി നിർദ്ദേശിച്ചു. ആർഎസ്എസ് പ്രവർത്തകരായ അഭിമന്യൂ, അതുൽ, സനന്ദ്, വിഷ്‌ണു എന്നിവർക്കാണ് ജസ്‌റ്റിസുമാരായ സൂര്യകാന്ത്, ദീപാങ്കർ ദത്ത എന്നിവരടങ്ങിയ ബെഞ്ച് ഇടക്കാല ജാമ്യം അനുവദിച്ചത്.

ഹരജികളിൽ വിശദമായ വാദം കേൾക്കുമെന്നും സുപ്രീം കോടതി വ്യക്‌തമാക്കി. സംസ്‌ഥാന സർക്കാർ ഉൾപ്പടെയുള്ള കേസിലെ എതിർകക്ഷിയോട് ചില സുപ്രധാന ചോദ്യങ്ങളും ഇന്ന് കോടതി ഉന്നയിച്ചു. ഷാൻ വധക്കേസിലെ പ്രതികൾക്ക് സെഷൻസ് കോടതി ജാമ്യം അനുവദിച്ചത് 2022ലാണ്. എന്നാൽ, ഇതിനെ ചോദ്യം ചെയ്‌ത് ഹൈക്കോടതിയിൽ അപ്പീൽ നൽകിയത് രണ്ടുവർഷം കഴിഞ്ഞാണ്.

എന്തുകൊണ്ടാണ് രണ്ടുവർഷത്തെ കാലതാമസം ഉണ്ടായതെന്ന് സുപ്രീം കോടതി ആരാഞ്ഞു. പ്രതികൾ ജാമ്യവ്യവസ്‌ഥ ലംഘിച്ചിട്ടുണ്ടോ എന്നും സുപ്രീം കോടതി ചോദിച്ചു. പ്രതികൾക്ക് ജാമ്യം അനുവദിക്കുന്നതിനെ പ്രോസിക്യൂഷൻ വിചാരണാക്കോടതിയിൽ എതിർത്തില്ലെന്നും സുപ്രീം കോടതി ചൂണ്ടിക്കാട്ടി.

എന്നാൽ, കുറ്റപത്രം സമർപ്പിച്ചതിനാൽ പ്രതികളെ കസ്‌റ്റഡിയിൽ വേണ്ടെന്ന് മാത്രമാണ് പ്രോസിക്യൂഷൻ വിചാരണാക്കോടതിയെ അറിയിച്ചതെന്ന് സംസ്‌ഥാന സർക്കാരിന് വേണ്ടി ഹാജരായ അഭിഭാഷകൻ പിവി ദിനേശും സ്‌റ്റാൻഡിങ് കോൺസൽ ഹർഷദ് വി ഹമീദും ചൂണ്ടിക്കാട്ടി.

ആർഎസ്എസ് നേതാവ് രഞ്‌ജിത്ത്‌ ശ്രീനിവാസനെ കൊലപ്പെടുത്തിയ കേസിലെ പ്രതികൾക്ക് വധശിക്ഷ ലഭിക്കുമ്പോൾ ഷാൻ വധക്കേസിലെ പ്രതികൾ സ്വൈരവിഹാരം നടത്തുന്നത് സമൂഹത്തിലെ സമാധാന അന്തരീക്ഷത്തെ ബാധിക്കുമെന്ന് വ്യക്‌തമാക്കി കേരളം നേരത്തെ സുപ്രീം കോടതിയിൽ സത്യവാങ്മൂലം ഫയൽ ചെയ്‌തിരുന്നു.

2022 ഡിസംബർ 18ന് രാത്രിയാണ് മണ്ണഞ്ചേരി പൊന്നാടിന് സമീപം നടുറോഡിൽ എസ്‌ഡിപിഐ സംസ്‌ഥാന സെക്രട്ടറി കെഎസ് ഷാനിന് വെട്ടേറ്റത്. വീട്ടിലേക്ക് സ്‌കൂട്ടറിൽ പോകുന്നതിനിടെ പിന്നാലെ കാറിലെത്തിയ സംഘം ഇടിച്ചു വീഴ്‌ത്തി ദേഹമാസകലം വെട്ടുകയായിരുന്നു. കേസിൽ 483 പേജുള്ള കുറ്റപത്രമാണ് സമർപ്പിച്ചത്.

Most Read| 9 കോടി വർഷം ചരിത്രമുള്ള അപൂർവ മരം! ഇപ്പോൾ ഉള്ളത് ഇംഗ്ളണ്ടിൽ 

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE