ന്യൂഡെൽഹി: നീറ്റ് പരീക്ഷാ ക്രമക്കേടിൽ നാഷണൽ ടെസ്റ്റിങ് ഏജൻസിക്കും കേന്ദ്ര സർക്കാരിനും സുപ്രീം കോടതി നോട്ടീസ്. ക്രമക്കേടിൽ എൻടിഎയും കേന്ദ്ര സർക്കാരും മറുപടി പറയണമെന്ന് സുപ്രീം കോടതി നിർദ്ദേശിച്ചു. നീറ്റ് പരീക്ഷ റദ്ദാക്കണമെന്ന ഹരജിയിലാണ് കോടതി നടപടി. പരീക്ഷയുടെ പവിത്രതയെ വിവാദം ബാധിച്ചുവെന്നും കോടതി വ്യക്തമാക്കി.
സുപ്രീം കോടതിയുടെ അവധിക്കാല ബെഞ്ചാണ് ഹരജി പരിഗണിച്ചത്. അതേസമയം, പ്രവേശന നടപടികൾ നിർത്തിവെക്കണമെന്ന ആവശ്യം കോടതി അംഗീകരിച്ചില്ല. ഫലം പ്രഖ്യാപിച്ചപ്പോൾ 67 പേർക്ക് ഒന്നാം റാങ്ക് ലഭിച്ചതാണ് വിവാദമായത്. ഇതിൽ ആറുപേർ ഒരേ സെന്ററിൽ നിന്ന് പരീക്ഷ എഴുതിയവരാണെന്ന ആരോപണവും പരാതിക്കാർ ഉന്നയിക്കുന്നു.
എന്നാൽ, ഒന്നാം റാങ്ക് ലഭിച്ചവരിൽ 47 പേർക്ക് ഗ്രേസ് മാർക്ക് നൽകിയെന്നാണ് എൻടിഎ പറയുന്നത്. എൻസിഇആർടി പാഠപുസ്തകത്തിലെ ഉത്തരത്തിന്റെ പിഴവിനാണ് ഗ്രേസ് മാർക്ക് എന്നാണ് എൻടിഎ വിശദീകരിക്കുന്നത്. ഒപ്പം രണ്ടാം റാങ്ക് ലഭിച്ച വിദ്യാർഥികൾക്ക് സമയം കിട്ടിയില്ല എന്ന പരാതിയുടെ അടിസ്ഥാനത്തിലുമാണ് ഗ്രേസ് മാർക്ക് നൽകിയതെന്നാണ് എൻടിഎയുടെ വിശദീകരണം.
കേരളത്തിൽ നിന്നും ഉത്തരേന്ത്യയിൽ നിന്നും അടക്കം വിദ്യാർഥികൾ പരീക്ഷയിൽ അട്ടിമറി ആരോപിച്ച് സാമൂഹിക മാദ്ധ്യമങ്ങളിൽ വ്യാപകമായ പ്രചാരണമാണ് നടത്തുന്നത്. ആക്ഷേപം വിദ്യാഭ്യാസ മന്ത്രാലയവും പരിശോധിക്കുന്നുണ്ട്. അതിനിടെ, നീറ്റ് പരീക്ഷാ ക്രമക്കേട് അന്വേഷിക്കാൻ നാഷണൽ ടെസ്റ്റിങ് ഏജൻസി (എൻടിഎ) സമിതിയെ നിയോഗിച്ചു.
പരീക്ഷയിൽ ഗ്രേസ് മാർക്ക് കൊടുത്തതിൽ വിവാദമുണ്ടായ ആറ് സെന്ററുകളിലെ കാര്യം പരിശോധിക്കാനാണ് സമിതിയെ നിയോഗിച്ചത്. സമിതി ഒരാഴ്ചക്കുള്ളിൽ റിപ്പോർട് നൽകും. യുപിഎസ്സി മുൻ ചെയർമാൻ അധ്യക്ഷനായ നാലംഗ സമിതിയാണ് വിഷയം പരിശോധിക്കുന്നത്. ആറ് സെന്ററിലെ വിദ്യാർഥികൾ ഹൈക്കോടതിയെ സമീപിച്ചതിന്റെ അടിസ്ഥാനത്തിലാണ് വിഷയം പരിശോധിക്കാൻ സമിതിയെ നിയോഗിച്ചത്.
Most Read| പ്രകൃതിയുടെ വരദാനമായി ‘ലവ് ടണൽ’; മരങ്ങളാൽ ചുറ്റപ്പെട്ട തുരങ്കം യുക്രൈനിൽ