ന്യൂഡെൽഹി: മദ്യനയ അഴിമതിയുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ഡെൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന് എന്തുകൊണ്ടാണ് ജാമ്യം നൽകുന്നതെന്ന് ഉത്തരവിൽ വ്യക്‌തമാക്കിയിട്ടുണ്ടെന്ന് സുപ്രീം കോടതി. കെജ്‌രിവാളിന് ഇടക്കാല ജാമ്യം നൽകിയതിൽ പ്രത്യേക പരിഗണനയൊന്നും നൽകിയിട്ടില്ലെന്നും ജസ്‌റ്റിസുമാരായ സഞ്‌ജീവ് ഖന്ന, ദീപാങ്കർ ദത്ത എന്നിവർ വ്യക്‌തമാക്കി.
മദ്യനയ അഴിമതിക്കേസിൽ അറസ്‌റ്റ് ചെയ്‌ത എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റിന്റെ നടപടി ചോദ്യം ചെയ്‌ത് കെജ്‌രിവാൾ നൽകിയ ഹരജി പരിഗണിക്കുമ്പോഴാണ് കോടതിയുടെ പരാമർശം. ജാമ്യം സംബന്ധിച്ച് കെജ്‌രിവാളിന്റെ പ്രസംഗം ഇഡിയും, കേന്ദ്രമന്ത്രി അമിത് ഷായുടെ പരാമർശം കെജ്‌രിവാളിന്റെ അഭിഭാഷകനും കോടതിയിൽ ചൂണ്ടിക്കാട്ടി.
ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ജനങ്ങൾ എഎപിക്ക് വോട്ട് ചെയ്‌താൽ തനിക്ക് തിരിച്ചു ജയിലിൽ പോകേണ്ടി വരില്ലെന്ന കെജ്‌രിവാളിന്റെ പ്രസംഗമാണ് ഇഡിക്ക് വേണ്ടി ഹാജരായ സോളിസിറ്റർ ജനറൽ തുഷാർ മേത്ത കോടതിയിൽ ശ്രദ്ധയിൽപ്പെടുത്തിയത്. എന്നാൽ, അത് കെജ്‌രിവാളിന്റെ വിലയിരുത്തലാണെന്നും തങ്ങൾക്ക് ഒന്നും പറയാനില്ലെന്നും ബെഞ്ച് പ്രതികരിച്ചു.
പ്രത്യേക പരിഗണനയിലാണ് കെജ്‌രിവാളിന്റെ ജാമ്യമെന്ന അമിത് ഷായുടെ പ്രസംഗം പേരെടുത്ത് പരാമർശിക്കാതെ അദ്ദേഹത്തിന്റെ അഭിഭാഷകനായ മനു അഭിഷേക് സിഗ്‌വി കോടതിയിൽ പറഞ്ഞു. ഇതിലും കോടതി മറുപടിയൊന്നും പറഞ്ഞില്ല. ഒരാൾക്കും പ്രത്യേക പരിഗണനയൊന്നും കൊടുത്തിട്ടില്ലെന്നും പറയാനുള്ളത് വിധിയിൽ പറഞ്ഞിട്ടുണ്ടെന്നും കോടതി വ്യക്‌തമാക്കി.
Most Read| പന്തീരാങ്കാവ് ഗാർഹിക പീഡനം; സർക്കാരിനോട് റിപ്പോർട് തേടി ഗവർണർ