ന്യൂഡെൽഹി: ജഡ്‌ജിമാരുടെ സ്വത്തുവിവരങ്ങൾ പുറത്തുവിട്ട് സുപ്രീം കോടതി. 21 ജഡ്‌ജിമാരുടെ വിവരങ്ങളാണ് കോടതി വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചത്. സുപ്രീം കോടതി ചീഫ് ജസ്‌റ്റിസ് സഞ്‌ജീവ് ഖന്ന ഈ മാസം 13ന് വിരമിക്കാനിരിക്കെയാണ് നടപടി. സുതാര്യത ഉറപ്പുവരുത്താനുള്ള നീക്കത്തിന്റെ ഭാഗമായാണ് ജഡ്‌ജിമാരുടെ സ്വത്തുവിവരങ്ങൾ സുപ്രീം കോടതി പുറത്തുവിട്ടത്.
120.96 കോടി രൂപയുടെ നിക്ഷേപമുള്ള ജസ്‌റ്റിസ് കെവി വിശ്വനാഥനാണ് ഏറ്റവും കൂടുതൽ സ്വത്ത്. 2010 മുതൽ 2015 വരെയുള്ള സാമ്പത്തിക വർഷത്തിൽ നികുതിയിനത്തിൽ സർക്കാരിലേക്ക് അടച്ചത് 91.47 കോടി രൂപയാണ്. ചീഫ് ജസ്‌റ്റിസ് സഞ്‌ജീവ് ഖന്നയ്‌ക്ക് 3.38 കോടിയുടെ നിക്ഷേപമാണുള്ളത്.
ജസ്‌റ്റിസ് വിനോദ് ചന്ദ്രൻ മ്യൂച്ചൽ ഫണ്ടിൽ എട്ടുലക്ഷം നിക്ഷേപവും ആറ് ഏക്കർ ഭൂമിയുമുണ്ട്. ഏപ്രിൽ ഒന്നിലെ ഫുൾകോർട്ട് തീരുമാനപ്രകാരമാണ് വിവരങ്ങൾ വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ചത്. 12 ജഡ്‌ജിമാരുടെ സ്വത്തുവിവരങ്ങൾ പ്രസിദ്ധീകരിച്ചിട്ടില്ല. ഇവരുടേത് ഉടൻ അപ്‌ലോഡ് ചെയ്യുമെന്ന് കോടതി പ്രസ്‌താവനയിൽ അറിയിച്ചു.
ഹൈക്കോടതി ജഡ്‌ജിമാരുടെ നിയമന വിവരങ്ങളും സുപ്രീം കോടതി പുറത്തുവിട്ടു. 2022 നവംബർ ഒമ്പത് മുതൽ 2025 മേയ് അഞ്ചുവരെയുള്ള നിയമന വിവരങ്ങളാണ് പുറത്തുവിട്ടത്. ഇക്കാലയളവിൽ 221 പേരാണ് ഹൈക്കോടതി ജഡ്‌ജിമാരായി നിയമിക്കപ്പെട്ടത്. ജഡ്‌ജിമാരുടെ പേരും മതവും സിറ്റിങ് അല്ലെങ്കിൽ വിരമിച്ച ജഡ്‌ജിമാരുമായുള്ള ബന്ധവും പുറത്തുവിട്ടു. സുപ്രീം കോടതി ആദ്യമായാണ് ജഡ്‌ജിമാരുടെ നിയമന വിവരങ്ങൾ പുറത്തുവിടുന്നത്.
Most Read| ആക്രമണം നേരിടാൻ പരിശീലനം; മോക്ഡ്രിൽ നടത്താൻ സംസ്‌ഥാനങ്ങൾക്ക് കേന്ദ്ര നിർദ്ദേശം





































