ന്യൂഡെൽഹി: പഹൽഗാം ഭീകരാക്രമണത്തിൽ ജുഡീഷ്യൽ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച ഹരജി പരിഗണിക്കാൻ വിസമ്മതിച്ച് സുപ്രീം കോടതി. ഹരജിക്കാരെ വിമർശിച്ച കോടതി, അത്തരമൊരു നീക്കം സേനകളുടെ മനോവീര്യം തകർക്കുമെന്ന് ചൂണ്ടിക്കാട്ടി. സൈന്യത്തിന്റെ ആൽമവിശ്വാസം തകർക്കുന്ന ഹരജികൾ സമർപ്പിക്കരുതെന്നും കോടതി നിർദ്ദേശം നൽകി.
ജസ്‌റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ചാണ് ഹരജി പരിഗണിച്ചത്. കശ്‌മീർ സ്വദേശികളായ മുഹമ്മദ് ജുനൈദ്, ഫതേഷ് കുമാർ സാഹു, വിക്കി കുമാർ എന്നിവരാണ് സുപ്രീം കോടതിയെ സമീപിച്ചത്. ഇവരുടെ ഹരജി ഫയൽ ചെയ്യുന്നതിന് മുൻപ് വിഷയത്തിന്റെ സംവേദനക്ഷമത പരിശോധിക്കേണ്ടതായിരുന്നു എന്നും കോടതി പറഞ്ഞു.
ഇത്തരമൊരു പൊതുതാൽപര്യ ഹരജി ഫയൽ ചെയ്യുന്നതിന് മുൻപ് ഉത്തരവാദിത്തം ഉള്ളവരായിരിക്കുക. നിങ്ങളുടെ രാജ്യത്തോട് നിങ്ങൾക്ക് ചില കടമകളുണ്ട്. രാജ്യം കടന്നുപോകുന്ന സാഹചര്യം മനസിലാക്കണം. തീവ്രവാദത്തിനെതിരെ പോരാടാൻ ഓരോ ഇന്ത്യക്കാരനും കൈകോർത്ത നിർണായക സമയമാണിത്. സേനകളുടെ മനോവീര്യം തകർക്കരുതെന്നും ഹരജി പിൻവലിക്കുന്നതാണ് നല്ലതെന്നും സുപ്രീം കോടതി വ്യക്‌തമാക്കി.
തുടർന്ന് ഹരജിക്കാർ ഹരജി പിൻവലിക്കുകയായിരുന്നു. വിനോദസഞ്ചാരികളുടെ സുരക്ഷ ഉറപ്പാക്കണമെന്നും ഇതിനായി പ്രത്യേക കർമ പദ്ധതി വേണമെന്നും ഹർജിക്കാർ ആവശ്യപ്പെട്ടിരുന്നു. 2019ലെ പുൽവാമ ആക്രമണത്തിന് ശേഷം രാജ്യം കണ്ട ഏറ്റവും വലിയ ഭീകരാക്രമണമായിരുന്നു പഹൽഗാമിലേത്. 26 വിനോദസഞ്ചാരികളാണ് ഭീകരരുടെ വെടിയേറ്റ് കൊല്ലപ്പെട്ടത്.
Most Read| നിർണായക ധാതുകരാറിൽ ഒപ്പുവെച്ച് യുഎസും യുക്രൈനും; റഷ്യയ്‌ക്ക് മുന്നറിയിപ്പ്