ന്യൂഡെൽഹി: രാജ്യത്ത് ഏകീകൃത സിവിൽ കോഡ് നടപ്പാക്കാൻ സമയമായെന്ന സുപ്രധാന പരാമർശവുമായി സുപ്രീം കോടതി. ഇക്കാര്യം പാർലമെന്റ് പരിഗണിക്കട്ടെയെന്നും ചീഫ് ജസ്‌റ്റിസ് അധ്യക്ഷനായ ബെഞ്ച് വ്യക്‌തമാക്കി.
മുസ്‌ലിം സ്‌ത്രീകൾക്ക് വിവേചനം സൃഷ്‌ടിക്കുന്ന 1937ലെ ശരീയത്ത് നിയമത്തിന്റെ വ്യവസ്‌ഥകൾ ചോദ്യം ചെയ്‌തുകൊണ്ടുള്ള ഹരജി പരിഗണിക്കുന്നതിനിടെ ആയിരുന്നു ചീഫ് ജസ്‌റ്റിസിന്റെ ഭാഗത്തുനിന്ന് ഈ പരാമർശം ഉണ്ടായിരിക്കുന്നത്. ചീഫ് ജസ്‌റ്റിസ് സൂര്യകാന്ത്, ജസ്‌റ്റിസുമാരായ ജോയ്‌മാല ബാക്‌സിയ, ആർ. മഹാദേവൻ എന്നിവരടങ്ങുന്ന ബെഞ്ചാണ് ഹരജി പരിഗണിച്ചത്.
ഓരോ മതവുമായി ബന്ധപ്പെട്ട വ്യക്‌തി നിയമങ്ങളെക്കാളും മെച്ചപ്പെട്ടത് ഒരു ഏകീകൃത സിവിൽ നിയമമാണെന്നും, ഇതിനായി സഭക്ക് ഒരു നിയമം കൊണ്ടുവരാൻ സാധിക്കുമെന്നും ബെഞ്ച് വ്യക്‌തമാക്കി. ഏക സിവിൽ കോഡ് നടപ്പാക്കാൻ ഈ കോടതി ഇതിനകം ശുപാർശ ചെയ്‌തിട്ടുണ്ടെന്നും ബെഞ്ച് ചൂണ്ടിക്കാട്ടി.
ഹരജിക്കാരൻ മുന്നോട്ടുവെച്ച ശരിയത്ത് നിയമത്തിലെ വ്യവസ്‌ഥകൾ റദ്ദാക്കണമെന്ന ആവശ്യം അംഗീകരിക്കാൻ കോടതി തയ്യാറായില്ല. അങ്ങനെ ചെയ്യുകയാണെങ്കിൽ അത് നിയമത്തിൽ ഒരു ശൂന്യത സൃഷ്‌ടിക്കും എന്നാണ് കോടതി ചൂണ്ടിക്കാണിച്ചത്. വ്യവസ്‌ഥകൾ റദ്ദാക്കിയാൽ മുസ്‌ലിം പിന്തുടർച്ച അവകാശത്തെ സംബന്ധിക്കുന്ന മറ്റു വ്യവസ്‌ഥകൾ ഒന്നുംതന്നെ ഇല്ലാതാകും.
ഈ സാഹചര്യത്തിലാണ് അതിലേക്ക് കടക്കാൻ കോടതി വിസമ്മതിച്ചത്. ഇതോടെയാണ്, ഇക്കാര്യത്തിൽ ഒരു ഏകീകൃത സിവിൽ നിയമം നിയമനിർമാണ സഭകൾ പരിഗണിക്കണമെന്ന് കോടതി അഭിപ്രായപ്പെട്ടത്. ഇതൊരു ഉത്തരവല്ലെന്നും, മറിച്ച് അഭിപ്രായം എന്ന നിലയിലാണ് ഇക്കാര്യം ചൂണ്ടിക്കാട്ടുന്നതെന്നും കോടതി വ്യക്‌തമാക്കി.
ജമ്മു കശ്‌മീരിന്റെ പ്രത്യേക പദവി 2019ൽ എടുത്ത് കളഞ്ഞതിന് പിന്നാലെയാണ് ബിജെപി സർക്കാർ ഏകീകൃത സിവിൽ കോഡ് നടപ്പാക്കാൻ ഒരുങ്ങിയത്. രാജ്യത്ത് വിവാഹം, പരമ്പരാഗത സ്വത്ത് കൈമാറ്റം, വിവാഹമോചനം, ദത്തെടുക്കല്‍ എന്നീ വിഷയങ്ങള്‍ക്ക് ഏകീകൃത നിയമം നടപ്പാക്കുന്നതാണ് ഏകീകൃത സിവില്‍ കോഡ്.
2019ലെ പൊതുതിരഞ്ഞെടുപ്പിൽ ബിജെപിയുടെ പ്രകടന പത്രികയിലെ പ്രധാനപ്പെട്ട വാഗ്‌ദാനമായിരുന്നു ഇത്. ഒരൊറ്റ സിവില്‍ കോഡ് വരുന്നതോടെ മുസ്‌ലിം വ്യക്‌തിനിയമം അടക്കമുള്ള പ്രത്യേക വിഭാഗങ്ങള്‍ക്കുള്ള നിയമ പരിഗണനകള്‍ ഇല്ലാതാകും. ഇതിനെതിരെ പ്രതിപക്ഷ പാർട്ടികൾ ശക്‌തമായി രംഗത്തെത്തിയിരുന്നു. തുടർന്ന് നടപ്പാക്കിയില്ലെങ്കിലും ഇപ്പോഴും ബിജെപി സർക്കാരിന്റെ പ്രധാന ലക്ഷ്യങ്ങളിൽ ഒന്ന് തന്നെയാണ് യുസിസി.
Most Read| 91ആം വയസിലും ‘ജിൽ’ മുത്തശ്ശി ‘ചിൽ’; എന്റമ്മോ ആർക്കും പറ്റില്ലെന്ന് കമന്റുകൾ






































