കൊൽക്കത്ത: ബംഗാളിൽ ആർജി കാർ മെഡിക്കൽ കോളേജിൽ വനിതാ പിജി ഡോക്‌ടറെ ബലാൽസംഗം ചെയ്‌ത് കൊലപ്പെടുത്തിയ കേസിൽ ബംഗാൾ സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി സുപ്രീം കോടതി. കൊലപാതകത്തെ അസ്വാഭാവിക മരണമായി രജിസ്‌റ്റർ ചെയ്‌ത് അന്വേഷണം ആരംഭിക്കാൻ വൈകിയതിനെയാണ് കോടതി വിമർശിച്ചത്.
വനിതാ ഡോക്‌ടറുടെ കൊലപാതകവുമായി ബന്ധപ്പെട്ട ഹരജികളിൽ വാദം കേൾക്കവെയാണ് ചീഫ് ജസ്‌റ്റിസ് ഡിവൈ ചന്ദ്രചൂഡ്, ജസ്‌റ്റിസുമാരായ പിബി പർദിവാല, മനോജ് മിശ്ര എന്നിവർ ഉൾപ്പെട്ട ബെഞ്ചിന്റെ വിമർശനം. പോസ്‌റ്റുമോർട്ടത്തിന് ശേഷം മാത്രമാണ് അസ്വാഭാവിക മരണമെന്ന് സ്‌ഥിരീകരിച്ചത്. മരണം അസ്വാഭാവികം അല്ലായിരുന്നെങ്കിൽ പിന്നെ എന്തിനാണ് മൃതദേഹം പോസ്‌റ്റുമോർട്ടത്തിന് അയച്ചതെന്നും കോടതി ചോദിച്ചു.
പോസ്‌റ്റുമോർട്ടത്തിന് ശേഷം അസ്വാഭാവിക മരണമെന്ന് രജിസ്‌റ്റർ ചെയ്‌തത് അൽഭുതപ്പെടുത്തുന്നുന്നുവെന്നും കോടതി ചൂണ്ടിക്കാട്ടി. പ്രതിഷേധിക്കുന്ന ഡോക്‌ടർമാർ തിരികെ ജോലിയിൽ പ്രവേശിക്കണമെന്നും കോടതി നിർദ്ദേശം നൽകി. ഡോക്‌ടർമാരുടെ എല്ലാ പ്രശ്‌നങ്ങളും കർമസമിതി കേൾക്കും. പ്രതിഷേധത്തിൽ പങ്കെടുത്തവരുടെ പേരിൽ നടപടി ഉണ്ടാകില്ലെന്നും കോടതി ഉറപ്പ് നൽകി.
അതിനിടെ, കേസ് അന്വേഷിക്കുന്ന സിബിഐ തൽസ്‌ഥിതി റിപ്പോർട് സുപ്രീം കോടതിയിൽ സമർപ്പിച്ചു. യുവതി മരിച്ചുകിടന്ന ക്രൈം സീനിൽ മാറ്റങ്ങൾ വരുത്തിയതായി സിബിഐ കോടതിയിൽ ആരോപിച്ചു. അതേസമയം, ആരോപണം നിരസിച്ച ബംഗാൾ സർക്കാർ ക്രൈം സീനിലെ എല്ലാ കാര്യങ്ങളും വീഡിയോയിൽ പകർത്തിയെന്ന് കോടതിയെ അറിയിച്ചു. അടുത്ത വാദം കേൾക്കലിൽ കൊൽക്കത്ത പോലീസ് ഹാജരാകണമെന്നും കോടതി പറഞ്ഞു. കേസിൽ വാദം തുടരുകയാണ്.
Most Read| ഹേമ കമ്മിറ്റി റിപ്പോർട്; ചോദ്യങ്ങളുമായി ഹൈക്കോടതി- പൂർണരൂപം മുദ്രവെച്ച കവറിൽ നൽകണം