ന്യൂഡെൽഹി: അലഹബാദ് ഹൈക്കോടതിയുടെ വിവാദ പരാമർശം സ്റ്റേ ചെയ്ത് സുപ്രീം കോടതി. സ്ത്രീകളുടെ മാറിടത്തിൽ സ്പർശിക്കുന്നതും പൈജാമയുടെ ചരട് പൊട്ടിക്കാൻ ശ്രമിക്കുന്നതും അവളെ വലിച്ചിഴയ്ക്കുന്നതും ബലാൽസംഗ ശ്രമത്തിനുള്ള തെളിവുകളായി കണക്കാക്കാനാകില്ലെന്ന അലഹബാദ് ഹൈക്കോടതിയുടെ പരാമർശമാണ് സ്റ്റേ ചെയ്തത്.
ജഡ്ജിക്കെതിരെ കടുത്ത പരാമർശങ്ങൾ നടത്തേണ്ടി വരുമെന്ന് സുപ്രീം കോടതി മുന്നറിയിപ്പ് നൽകി. ജഡ്ജിയുടെ ഭാഗത്ത് നിന്ന് തികഞ്ഞ അശ്രദ്ധയുണ്ടായെന്ന് പറഞ്ഞ കോടതി, കേന്ദ്രത്തിനും യുപി സർക്കാരിനും നോട്ടീസ് അയക്കുകയും ചെയ്തു. ഹൈക്കോടതിയുടെ നിരീക്ഷണം നിർവികാരപരവും മനുഷ്യത്വരഹിതവും ആണെന്നും സുപ്രീം കോടതി വിമർശിച്ചു.
രണ്ട് യുവാക്കൾക്കെതിരെ കീഴ്ക്കോടതി ചുമത്തിയ പോക്സോ കേസിനെതിരെ നൽകിയ ഹരജിയിലാണ് ഹൈക്കോടതിയുടെ പരാമർശം. ജഡ്ജിമാരായ ബിആർ ഗവായ്, എജി മസി എന്നിവരുടെ ബെഞ്ചാണ് വിഷയം പരിഗണിച്ചത്. വിവാദ ഉത്തരവിനെതിരായ പൊതുതാൽപര്യ ഹരജി പരിഗണിക്കാൻ സുപ്രീം കോടതിയുടെ തന്നെ ജഡ്ജിമാരായ ബേല എം ത്രിവേദി, പിബി വരാലെ എന്നിവരുടെ ബെഞ്ച് വിസമ്മതിച്ചിരുന്നു.
ബലാൽസംഗ ശ്രമവും ബലാൽസംഗത്തിനുള്ള തയ്യാറെടുപ്പും വ്യത്യസ്തമാണെന്ന് ചൂണ്ടിക്കാട്ടി ജസ്റ്റിസ് റാം മനോഹർ നാരായൺ മിശ്രയാണ് കേസിൽ വിധി പറഞ്ഞത്. 2021ലാണ് സംഭവം നടന്നത്. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ബലാൽസംഗം ചെയ്ത കേസിൽ പവൻ, ആകാശ് എന്നിവർക്കെതിരെ ബലാൽസംഗം, പോക്സോ വകുപ്പുകൾ ചുമത്തി പോലീസ് കേസെടുത്തിരുന്നു.
പ്രതികൾ പെൺകുട്ടിയുടെ മാറിടത്തിൽ പിടിക്കുകയും പൈജാമയുടെ ചരട് പിടിച്ചുവലിക്കുകയും പിന്നീട് സമീപത്തെ കലുങ്കിനടുത്തേക്ക് കൊണ്ടുപോയി ബലാൽസംഗത്തിന് ശ്രമിച്ചുവെന്നുമാണ് കേസ്. ആ സമയം അതുവഴി ഒരാൾ വരുന്നത് കണ്ട് അവർ പെൺകുട്ടിയെ ഉപേക്ഷിച്ചു കടന്നുകളയുകയായിരുന്നു. കേസിന്റെ അടിസ്ഥാനത്തിൽ രണ്ടു പ്രതികളും വിചാരണ നേരിടണമെന്ന് കീഴ്ക്കോടതി ഉത്തരവിട്ടു.
ഇതിനെതിരെയുള്ള ഹരജി പരിഗണിക്കുമ്പോഴായിരുന്നു ജസ്റ്റിസ് റാം മനോഹർ നാരായൺ മിശ്ര വിവാദപരമായ നിരീക്ഷണം നടത്തിയത്. കലുങ്കിനടുത്തേക്ക് വലിച്ചിഴച്ചു കൊണ്ടുപോയെന്നതിനാൽ പെൺകുട്ടിയെ നഗ്നയാക്കിയെന്നോ വസ്ത്രം അഴിച്ചുമാറ്റിയെന്നോ സാക്ഷികൾ പറഞ്ഞിട്ടില്ലെന്നായിരുന്നു കോടതി നിരീക്ഷണം. കീഴ്ക്കോടതിയുടെ കണ്ടെത്തലുകൾ നിലനിൽക്കുന്നതല്ലെന്നും ഹൈക്കോടതി പറഞ്ഞിരുന്നു.
Health| രാജ്യത്തെ 44 കോടിയിലധികം പേർ അമിതഭാരക്കാരാകും- പഠനം