ന്യൂഡെൽഹി: തെരുവുനായ പ്രശ്നത്തിൽ കടുത്ത അതൃപ്തിയുമായി സുപ്രീം കോടതി. തെലങ്കാന, ബംഗാൾ സംസ്ഥാനങ്ങൾ ഒഴിച്ച്, മറ്റു സംസ്ഥാനങ്ങളിലെ ചീഫ് സെക്രട്ടറിമാർ നേരിട്ട് നവംബർ മൂന്നിന് ഹാജരാകണമെന്നാണ് ജസ്റ്റിസ് വിക്രംനാഥ് നിർദ്ദേശം നൽകിയിരിക്കുന്നത്.
വിഷയത്തിൽ സംസ്ഥാനങ്ങൾ സത്യവാങ്മൂലം നൽകണമെന്ന് സുപ്രീം കോടതി ആവശ്യപ്പെട്ടിരുന്നു. തെലങ്കാനയും ബംഗാളും മാത്രമാണ് അത് നൽകിയത്. കേരളം ഉൾപ്പടെ സത്യവാങ്മൂലം നൽകാത്ത സംസ്ഥാനങ്ങളിലെ ചീഫ് സെക്രട്ടറിമാർ ഹാജരാകണമെന്നാണ് നിർദ്ദേശം. ജസ്റ്റിസുമാരായ വിക്രംനാഥ്, സന്ദീപ് മേത്ത, എൻവി അൻജാരിയ എന്നിവരുടെ ബെഞ്ചാണ് കേസ് പരിഗണിച്ചത്.
ഡെൽഹിയിലെ തെരുവുനായ വിഷയത്തിൽ സുപ്രീം കോടതി നേരിട്ട് ഇടപെട്ട് ഉത്തരവിറക്കിയിരുന്നു. അത് വൻതോതിൽ വിമർശന വിധേയമായിരുന്നു. തെരുവുനായ ശല്യം ഇല്ലാതാക്കാൻ കഴിയുന്ന അനിമൽ ബർത്ത് കൺട്രോൾ നടപ്പിലാക്കാനെടുത്ത നടപടിക്രമങ്ങളെ കുറിച്ചായിരുന്നു കോടതി സത്യവാങ്മൂലം തേടിയത്. ഓഗസ്റ്റ് 22നായിരുന്നു ഇത്.
പശ്ചിമ ബംഗാൾ, തെലങ്കാന, ഡെൽഹി മുനിസിപ്പൽ കോർപ്പറേഷൻ മാത്രമാണ് സത്യവാങ്മൂലം ഫയൽ ചെയ്തത്. മറ്റു സംസ്ഥാനങ്ങളും കേന്ദ്ര ഭരണ പ്രദേശങ്ങളും സത്യവാങ്മൂലം ഫയൽ ചെയ്യാത്തതിനെ ആണ് സുപ്രീം കോടതി രൂക്ഷമായി വിമർശിച്ചത്. നായ്ക്കളുടെ ആക്രമണങ്ങൾ വർധിക്കുന്നതിൽ ആശങ്ക പ്രകടിപ്പിച്ച കോടതി, തെരുവുനായ ശല്യം ആഗോള തലത്തിൽ ഇന്ത്യയുടെ പ്രതിച്ഛായയെ ബാധിച്ചുവെന്നും നിരീക്ഷിച്ചു.
Most Read| ഇതൊക്കെ സിമ്പിൾ… തിരുവസ്ത്രത്തിൽ സബീന കുതിച്ചത് സ്വർണ തിളക്കത്തിലേക്ക്







































