ന്യൂഡെൽഹി: ക്ഷേത്രങ്ങളിലെ ആന എഴുന്നള്ളിപ്പ് സംബന്ധിച്ച ഹൈക്കോടതി ഉത്തരവ് സ്‌റ്റേ ചെയ്‌ത തീരുമാനം പിൻവലിക്കാതെ സുപ്രീം കോടതി. സ്‌റ്റേ നീക്കണമെന്ന അപേക്ഷ ഉടൻ പരിഗണിക്കണമെന്ന മൃഗസ്‌നേഹികളുടെ സംഘടനയുടെ ആവശ്യമാണ് സുപ്രീം കോടതി നിരസിച്ചത്.
കേരളത്തിൽ എഴുന്നള്ളിപ്പിനിടെ ആനയിടഞ്ഞ് ഒരാൾ കൊല്ലപ്പെട്ടെന്നും രണ്ടു ഡസനിലേറെപ്പേർക്ക് പരിക്കേറ്റെന്നും ചൂണ്ടിക്കാട്ടിയാണ് സംഘടന ആവശ്യം ഉന്നയിച്ചത്. ദേവസ്വങ്ങൾക്ക് അനുകൂലമായി, നിലവിലെ ചട്ടങ്ങൾ പാലിച്ച് ആനയെ എഴുന്നള്ളിക്കാമെന്നാണ് ഹൈക്കോടതി ഉത്തരവ് സ്‌റ്റേ ചെയ്‌ത് സുപ്രീം കോടതി നേരത്തെ വ്യക്‌തമാക്കിയത്.
സ്‌റ്റേ നീക്കണമെന്ന് ആവശ്യപ്പെട്ട് മൃഗസ്‌നേഹികളുടെ സംഘടന മുൻപ് സുപ്രീം കോടതിയിൽ അപേക്ഷ നൽകിയിരുന്നു. അപേക്ഷയിൽ അടിയന്തിര വാദം കേൾക്കണമെന്ന ആവശ്യം അനുവദിക്കാനാകില്ലെന്നും ജസ്‌റ്റിസ് ബിവി നാഗരത്‌ന വ്യക്‌തമാക്കി. ആവശ്യമെങ്കിൽ ഹൈക്കോടതിയെ സമീപിക്കാനും നിർദ്ദേശിച്ചു. ശിവരാത്രി ഉൾപ്പടെയുള്ള ഉൽസവങ്ങൾ വരാനിരിക്കെ അവ തടസപ്പെടുത്താനാണ് സംഘടനയുടെ നീക്കമെന്നാണ് തിരുവമ്പാടി, പാറമേക്കാവ് ദേവസ്വങ്ങളുടെ വാദം.
എഴുന്നള്ളിപ്പിന് ആനകൾ തമ്മിൽ മൂന്ന് മീറ്റർ ദൂരപരിധി പാലിക്കണം, തീവെട്ടികളിൽ നിന്ന് അഞ്ച് മീറ്റർ ദൂരപരിധി ഉറപ്പാക്കണം, ആനകളുടെ എട്ട് മീറ്റർ അകലം മാത്രമേ ജനങ്ങളെ നിർത്താവൂ എന്നിവയുൾപ്പടെ ഹൈക്കോടതി ഒട്ടേറെ മാർഗനിർദ്ദേശങ്ങൾ പുറപ്പെടുവിച്ചിരുന്നു. എന്നാൽ, ഹൈക്കോടതി ഉത്തരവ് പ്രയോഗികമാണെന്ന് തോന്നുന്നില്ലെന്ന് സുപ്രീം കോടതി ചൂണ്ടിക്കാട്ടി.
Most Read| സൂക്ഷിച്ചോളൂ, ഈ നഗരത്തിലെത്തിയാൽ ഭിക്ഷ കൊടുക്കരുത്! പോലീസ് കേസ് പിന്നാലെ വരും