ന്യൂഡെൽഹി: സമഗ്ര വോട്ടർ പട്ടിക പരിഷ്‌കരണത്തിൽ (എസ്‌ഐആർ) സംസ്‌ഥാനങ്ങൾക്ക് മുന്നറിയിപ്പുമായി സുപ്രീം കോടതി. എസ്‌ഐആർ നടപടികൾ തടസപ്പെടുത്താൻ പാടില്ലെന്നാണ് സുപ്രീം കോടതിയുടെ മുന്നറിയിപ്പ്. എല്ലാ സംസ്‌ഥാനങ്ങളും ഇക്കാര്യം വളരെ വ്യക്‌തമായി മനസിലാക്കണമെന്നും ചീഫ് ജസ്‌റ്റിസ് സൂര്യകാന്ത് പറഞ്ഞു.
ബംഗാളിലെ വോട്ടർ പട്ടിക പരിഷ്‌കരണത്തെ ചോദ്യം ചെയ്‌ത് മുഖ്യമന്ത്രി മമത ബാനർജി സമർപ്പിച്ച ഹരജിയിൽ തിരഞ്ഞെടുപ്പ് കമ്മീഷന്റെ മറുപടി കേൾക്കുന്നതിനിടെ ആയിരുന്നു കോടതിയുടെ പരാമർശം. അതേസമയം, ബംഗാളിലെ എസ്‌ഐആർ നടപടികൾ പൂർത്തിയാക്കാനുള്ള സമയപരിധി ഫെബ്രുവരി 14ൽ നിന്ന് ഒരാഴ്‌ച കൂടി കോടതി നീട്ടി നൽകി.
ചീഫ് ജസ്‌റ്റിസ് സൂര്യകാന്ത് ജസ്‌റ്റിസ് ജോയ്‌മാല്യ ബാഗ്‌ചി, ജസ്‌റ്റിസ് വിപുൽ എം. പഞ്ചോളി എന്നിവരടങ്ങിയ ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്. ”എന്തെങ്കിലും ഉത്തരവുകളോ വിശദീകരണങ്ങളോ ആവശ്യമുണ്ടെങ്കിൽ ഞങ്ങൾ നൽകും. എന്നാൽ, എസ്‌ഐആർ പ്രക്രിയയ്‌ക്ക് യാതൊരു തടസവും ഞങ്ങൾ അനുവദിക്കില്ല. എല്ലാ സംസ്‌ഥാനങ്ങളും ഇത് മനസിലാക്കണം”- ചീഫ് ജസ്‌റ്റിസ് പറഞ്ഞു.
കേരളം ഉൾപ്പടെയുള്ള നിരവധി സംസ്‌ഥാനങ്ങളിലെ എസ്‌ഐആർ നടപടിക്രമങ്ങളുമായി ബന്ധപ്പെട്ട് നിരവധി ഹരജികളും സുപ്രീം കോടതിയുടെ പരിഗണനയിലുണ്ട്. പശ്‌ചിമ ബംഗാളിലെ വോട്ടർ പട്ടിക പരിഷ്‌കരണവുമായി ബന്ധപ്പെട്ട് ആയിരക്കണക്കിന് സൂക്ഷ്‌മ നിരീക്ഷകരെ വിന്യസിച്ചതിനെയാണ് മമത ബാനർജി കോടതിയിൽ ചോദ്യം ചെയ്‌തത്.
നടപടിക്രമങ്ങളിൽ ക്രമക്കേടുണ്ടെന്നും അവർ ആരോപിച്ചിരുന്നു. തിരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടികളെ ന്യായീകരിച്ച കോടതി, സംസ്‌ഥാന സർക്കാർ പൂർണമായി സഹകരിക്കുന്നില്ലെന്ന് കുറ്റപ്പെടുത്തി. സൂക്ഷ്‌മ നിരീക്ഷകർക്ക് പകരം നിയോഗിക്കേണ്ട 8000ലധികം ഗ്രൂപ്പ് ബി ഓഫീസർമാരുടെ പേരുകൾ അയക്കാൻ എന്തുകൊണ്ട് വൈകിയെന്ന് കോടതി ചോദിച്ചു.
ആവശ്യമായ ഉദ്യോഗസ്‌ഥരുടെ വിവരങ്ങൾ തേടി അഞ്ചുതവണ കത്തയച്ചിട്ടും സംസ്‌ഥാന സർക്കാർ മറുപടി നൽകിയില്ലെന്നും അതുകൊണ്ടാണ് സൂക്ഷ്‌മ നിരീക്ഷകരെ നിയോഗിക്കേണ്ടി വന്നതെന്നും തിരഞ്ഞെടുപ്പ് കമ്മീഷൻ കോടതിയെ അറിയിച്ചു. വോട്ടർ പട്ടികയുടെ സുതാര്യത ഉറപ്പാക്കാൻ കമ്മീഷന് ഭരണഘടനാപരമായ അധികാരമുണ്ടെന്നും അവർ വാദിച്ചു.
Most Read| ഭിക്ഷയെടുത്ത് സമ്പാദിച്ചത് കോടികൾ; ഇൻഡോറിലെ ധനികനായ യാചകൻ





































