തൃശൂർ: ഭവനനിർമാണത്തിന് സഹായം തേടിയെത്തിയ വയോധികന്റെ നിവേദനം നിരസിച്ച സംഭവത്തിൽ വിശദീകരണവുമായി കേന്ദ്രമന്ത്രി സുരേഷ് ഗോപി. നിവേദനം നിരസിച്ചത് മനഃപൂർവമല്ലെന്നും കൈപ്പിഴയാണെന്നും സുരേഷ് ഗോപി പറഞ്ഞു. ഇന്ന് രാവിലെ കൊടുങ്ങല്ലൂരിൽ നടന്ന കലുങ്ക് സംവാദമെന്ന സൗഹൃദ സദസിനിടെയായിരുന്നു സുരേഷ് ഗോപിയുടെ പ്രതികരണം.
”കലുങ്ക് സംവാദം തടയാനാകില്ല. 14 ജില്ലകളിലും ഞാൻ പോകും. ഇത് ഒരു ജനപ്രതിനിധിയെന്ന നിലയിൽ ഞാൻ ചെയ്‌തിരിക്കും. ഇതെന്റെ അവകാശമാണ്. അവിടെയും ഇവിടെയും തെന്നിയും തെറിച്ചും കിടക്കുന്ന ചില കൈപ്പിഴകളൊക്കെ എടുത്ത് ചൂണ്ടിക്കാണിച്ചു ഈ തീപ്പന്തം അല്ലെങ്കിൽ തീഗോളം കെടുത്താമെന്ന് ഒരുത്തനും വിചാരിക്കണ്ട, നടക്കില്ല. അതിനുള്ള ചങ്കൂറ്റം ഭരത് ചന്ദ്രനുണ്ടെങ്കിൽ അത് സുരേഷ് ഗോപിക്കുമുണ്ട്.
ജനങ്ങൾ കൈയ്യടിച്ചു അന്ന് നൂറുദിവസം ആ പടം ഓടിയിട്ടുണ്ടെങ്കിൽ ജനങ്ങൾക്കാവശ്യം അതാണ്. സിനിമയിൽ നിന്ന് ഇറാൻ സൗകര്യമില്ല. രാഷ്‌ട്രീയ ആവശ്യത്തിനുവേണ്ടി അവർക്ക് നിവേദനവും വേണം അത് നിഷേധിക്കപ്പെടണം. അതൊക്കെ അവർ ചെയ്‌തോട്ടെ, നല്ലതാണ്.
വേലായുധൻ ചേട്ടന് ഒരു വീട് കിട്ടിയതിൽ സന്തോഷമേയുള്ളൂ. നല്ല കാര്യം. ഇനിയും ഞാനിതുപോലെ വേലായുധൻ ചേട്ടൻമാരെ അങ്ങോട്ടേക്ക് അയക്കും. പാർട്ടിയങ്ങോട്ട് തയ്യാറെടുത്തിരുന്നോളൂ. ഞാൻ ഒരു ലിസ്‌റ്റങ് പ്രഖ്യാപിക്കും. ആർജവം കാണിക്കണം. അതിനുള്ള ചങ്കൂറ്റവും കാണിക്കണം”- സുരേഷ് ഗോപി പറഞ്ഞു.
കഴിഞ്ഞദിവസം സുരേഷ് ഗോപി ചേർപ്പ് പുള്ളിൽ നടത്തിയ കലുങ്ക് സംവാദത്തിനിടെ പ്രദേശവാസിയായ കൊച്ചു വേലായുധൻ എന്ന വയോധികനാണ് അപേക്ഷയുമായി വന്നത്. എന്നാൽ, വയോധികന്റെ അപേക്ഷ കൈപ്പറ്റാതെ സുരേഷ് ഗോപി നിരസിക്കുന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. സംഭവം വിവാദമായതോടെ, സിപിഎം അടക്കം രാഷ്‌ട്രീയ ആയുധമാക്കി വിഷയത്തെ മാറ്റി. പിന്നാലെ കൊച്ചു വേലായുധന് വീട് നിർമിച്ചു നൽകുമെന്ന് സിപിഎം പ്രഖ്യാപിക്കുകയും ചെയ്‌തു.
Most Read| 70ആം വയസിൽ സ്‌കൈ ഡൈവ്; പ്രായത്തെ തോൽപ്പിച്ച് ഇടുക്കി സ്വദേശിനി