കൊച്ചി: നടനും കേന്ദ്രമന്ത്രിയുമായ സുരേഷ് ഗോപിക്കെതിരെ പുലിപ്പല്ല് വിവാദം. സുരേഷ് ഗോപി ധരിച്ച മാലയിൽ പുലിപ്പല്ലാണെന്ന പരാതിയിൽ നോട്ടീസയക്കാൻ വനംവകുപ്പ് തീരുമാനിച്ചു. തൃശൂർ ഡിഎഫ്ഒയ്‌ക്ക് മുന്നിൽ മാല ഹാജരാക്കാനും ഇതിനെക്കുറിച്ച് വിശദീകരണം നൽകാനും നിർദ്ദേശിച്ചായിരിക്കും നോട്ടീസ് എന്നാണ് വിവരം.
തൃശൂരിലെ യൂത്ത് കോൺഗ്രസ് പ്രവർത്തകൻ മുഹമ്മദ് ഹാഷിം നൽകിയ പരാതിയിലാണ് വനംവകുപ്പിന്റെ നടപടി. തൃശൂരിലും കണ്ണൂരിലും നടന്ന ചില പരിപാടിയിൽ സുരേഷ് ഗോപി പുലിപ്പല്ല് ഘടിപ്പിച്ചതെന്ന് സംശയിക്കുന്ന മാല ധരിച്ചിരുന്നു എന്നാണ് പരാതി. ഇത് ചൂണ്ടിക്കാട്ടി പരാതിക്കാരൻ പോലീസിനെയും വനംവകുപ്പിനെയും സമീപിക്കുകയായിരുന്നു. തുടർന്നാണ് പരാതി പരിശോധിക്കാൻ വനംവകുപ്പ് തീരുമാനിച്ചത്.
വന്യജീവി സംരക്ഷണ നിയമപ്രകാരം പുലിപ്പല്ല് കൈവശം വയ്‌ക്കുന്നത് കുറ്റകരമാണ്. നേരത്തെ, റാപ്പർ വേടനെ പുലിപ്പല്ല് ഘടിപ്പിച്ച മാല ധരിച്ചു എന്ന പേരിൽ വനംവകുപ്പ് അറസ്‌റ്റ് ചെയ്യുകയും ഒരുദിവസം ജയിലിൽ പാർപ്പിക്കുകയും ചെയ്‌തത് ഏറെ വിവാദമായിരുന്നു. സിപിഎം സംസ്‌ഥാന സെക്രട്ടറിയേറ്റടക്കം അറസ്‌റ്റിനെതിരെ രംഗത്തുവരികയും സർക്കാർ തന്നെ വേടന് പിന്നീട് വേദിയൊരുക്കുകയും ചെയ്‌തിരുന്നു.
Most Read| ആയമ്പാറയിൽ ഓരില ചെന്താമര വിരിഞ്ഞത് നാട്ടുകാർക്ക് കൗതുകമായി








































