തൃശൂർ: പൂരം ചടങ്ങുകൾ അലങ്കോലമായ സംഭവത്തിൽ പ്രശ്‌നപരിഹാരത്തിനായി എത്തിയത് ആംബുലൻസിൽ തന്നെയെന്ന് സമ്മതിച്ച് കേന്ദ്രമന്ത്രി സുരേഷ് ഗോപി. കാലിന് വയ്യായിരുന്നു. ആളുകൾക്കിടയിലൂടെ നടക്കാൻ സാധിക്കില്ലായിരുന്നു. രാഷ്‌ട്രീയമില്ലാത്ത ചെറുപ്പക്കാർ എടുത്താണ് തന്നെ ആംബുലൻസിൽ കയറ്റിയതെന്നും സുരേഷ് ഗോപി പറഞ്ഞു.
15 ദിവസം കാൽ ഇഴച്ചാണ് നടന്നത്. കാന കടക്കാൻ സഹായിച്ചത് ഒരു രാഷ്‌ട്രീയവും ഇല്ലാത്ത യുവാക്കളാണ്. ആരുടെയും അച്ഛന് വിളിച്ചിട്ടില്ല. വിളിക്കാൻ ഉദ്ദേശിക്കുന്നുമില്ല. ഒരു സിനിമാ ഡയലോഗ് പറയുകയാണ് ചെയ്‌തത്. പൂരം കലക്കലിൽ ഇവർക്ക് ചങ്കൂറ്റം ഉണ്ടോ സിബിഐയെ വിളിക്കാൻ? തൃശൂർ പൂരം കലക്കലിൽ എന്ത് വേണമെങ്കിലും ചെയ്യട്ടെയെന്നും സുരേഷ് ഗോപി മാദ്ധ്യമങ്ങളോട് പറഞ്ഞു.
തൃശൂരിലെ ജനങ്ങൾ വോട്ട് ചെയ്‌തതിന് കാരണം കരുവന്നൂർ വിഷയമാണ്. അത് മറയ്‌ക്കാനുള്ള ശ്രമമാണ് പൂരം കലക്കൽ ആരോപണം. ആംബുലൻസിൽ വന്നിറങ്ങി എന്ന് പറഞ്ഞ ആളുടെ മൊഴി എടുത്തിട്ടുണ്ടല്ലോ. ആ മൊഴിയിൽ എന്തുകൊണ്ടാണ് പോലീസ് കേസെടുക്കാത്തതെന്നും സുരേഷ് ഗോപി ചോദിച്ചു.
ചടങ്ങുകൾ അലങ്കോലമായതിന്റെ പേരിൽ തിരുവമ്പാടി വിഭാഗം പൂരം നിർത്തിവെച്ചതിന് പിന്നാലെ പ്രശ്‌ന പരിഹാരത്തിന് സുരേഷ് ഗോപി ആംബുലൻസിൽ പൂരനഗരിയിൽ വന്നിറങ്ങിയത് വിവാദമായിരുന്നു. മറ്റു വാഹനങ്ങൾക്ക് പ്രവേശനമില്ലാതെ അടച്ചിട്ട മേഖലയിലേക്ക് ആംബുലൻസിൽ സുരേഷ് ഗോപിയെ എത്തിച്ചതിൽ ഗൂഢാലോചന ഉണ്ടെന്ന് എൽഡിഎഫും യുഡിഎഫും ആരോപണം ഉന്നയിച്ചിരുന്നു.
സേവാഭാരതിയുടെ ആംബുലൻസിന്റെ മുൻസീറ്റിൽ ഇരുന്ന് സുരേഷ് ഗോപി വന്നിറങ്ങുന്ന ദൃശ്യങ്ങളും പ്രചരിച്ചിരുന്നു. പൂരം നിലയ്‌ക്കാതിരിക്കാൻ തിരുവമ്പാടി ദേവസ്വം പ്രതിനിധികളുമായി ചർച്ച നടത്താൻ പൂരനഗരിയിലേക്ക് ആദ്യമെത്തിയ നേതാക്കളിലൊരാൾ സുരേഷ് ഗോപിയായിരുന്നു. ആരോഗ്യ പ്രശ്‌നങ്ങൾ മൂലം വിശ്രമത്തിലായിരുന്ന സുരേഷ് ഗോപി പൂരത്തിന്റെ മറ്റു ചടങ്ങുകളിലൊന്നും പങ്കെടുത്തിരുന്നില്ലെന്നാണ് പ്രതിപക്ഷത്തിന്റെ ആരോപണം. എന്നാൽ, താൻ ആംബുലൻസിൽ വന്നിറങ്ങിയത് മായക്കാഴ്‌ച എന്നായിരുന്നു സുരേഷ് ഗോപി നേരത്തെ പറഞ്ഞിരുന്നത്.
Most Read| സ്വപ്‌നങ്ങൾക്ക് നിറം പകർന്ന് അമ്മ; ട്രിപ്പിൾ ഗോൾഡ് മെഡൽ തിളക്കത്തിൽ അനഘ