അമ്മയുടെ തണലിൽ പഠിച്ച് ട്രിപ്പിൾ ഗോൾഡ് മെഡലിന്റെ തിളക്കം സമ്മാനിച്ചിരിക്കുകയാണ് അനഘ. തിരുനെൽവേലി മനോൻമണീയം സുന്ദരനാർ സർവകലാശാലയിൽ നിന്ന് എംഎസ്‌സി ക്രിമിനോളജി ആൻഡ് ക്രിമിനൽ ജസ്‌റ്റിസ് സയൻസിലാണ് ട്രിപ്പിൾ സ്വർണമെഡലോടെ അനഘ ചരിത്ര വിജയം നേടിയത്.
അമ്മ എംജി രാജശ്രീയാണ് അനഘയുടെ ഈ വിജയത്തിന് പിന്നിൽ. കെഎസ്ആർടിസി ബസ് കണ്ടക്‌ടറായ രാജശ്രീ മകളുടെ സ്വപ്‌നങ്ങൾക്ക് നിറം പകർന്ന് എന്നും കൂടെയുണ്ടായിരുന്നു. അമ്മയുടെ ഒരൊറ്റ വരുമാനത്തിലാണ് അനഘയുടെയും പ്ളസ് വൺ വിദ്യാർഥിനിയായ സഹോദരി അഞ്‌ജനയുടെയും പഠനം. കെഎസ്ആർടിസി തൃശൂർ ഡിപ്പോയിലെ കണ്ടക്‌ടറാണ് രാജശ്രീ.
92 ശതമാനം മാർക്കോടെയാണ് അനഘ എംഎസ്‌സി പൂർത്തിയാക്കിയത്. സർവകലാശാലയുടെ ചരിത്രത്തിൽ ആദ്യമായാണ് ഒരു വിദ്യാർഥി എംഎസ്‌സി ക്രിമിനോളജിയിൽ ട്രിപ്പിൾ ഗോൾഡ് മെഡൽ നേടുന്നത്. യൂണിവേഴ്‌സിറ്റിയിൽ നിന്ന് 2023-24 കാലയളവിൽ വിവിധ വിഷയങ്ങളിൽ പാസായ 33821 വിദ്യാർഥികളിൽ ട്രിപ്പിൾ ഗോൾഡ് മെഡൽ നേടിയ ഏക വിദ്യാർഥി കൂടിയാണ് അനഘ.
ഈ മാസം 26ന് തമിഴ്‌നാട് ഗവർണർ ആർ എൻ രവി ബിരുദദാനം നിർവഹിച്ചു. തൃശൂർ സെന്റ് തോമസ് കോളേജിൽ നിന്നാണ് അനഘ ബിരുദം നേടിയത്. ചരിത്ര വിജയം നേടിയ അനഘയെ കെഎസ്ആർടിസിയും അഭിനന്ദിച്ചു. തൃശൂർ മിണാലൂരിലാണ് രാജശ്രീയും മക്കളും താമസിക്കുന്നത്.
Health| കിടക്കയിൽ മൊബൈൽ ഫോൺ ഉപയോഗിക്കുന്നവരാണോ? ബാക്‌ടീരിയ നിങ്ങളെ ഇല്ലാതാക്കും!