എട്ടുമാസത്തെ ചികിൽസ; അർബുദത്തെ തോൽപ്പിച്ചു, പിന്നാലെ പിഎച്ച്ഡി നേടി സൂര്യകല

കഞ്ചിക്കോട് സ്വദേശിനിയും അധ്യാപികയുമായ സൂര്യകല, 2018ലാണ് 'അർബുദ രോഗികളുടെ ചികിൽസയിലെ ബോധ്യങ്ങളും സംതൃപ്‌തിയും' എന്ന വിഷയത്തിൽ ഭാരതീയർ സർവകലാശാലയിൽ നിന്ന് പിഎച്ച്ഡി നേടിയത്. എട്ടുമാസം നീണ്ട ചികിൽസയ്‌ക്ക് ഒടുവിലാണ് സൂര്യകല കാൻസറിനെ അതിജീവിച്ചത്.

By Senior Reporter, Malabar News
സൂര്യകല (Image Courtesy: Mathrubhumi Online) Cropped By: MN
Ajwa Travels

അർബുദത്തെ തോൽപ്പിച്ച് ജീവിതത്തിൽ വിജയഗാഥ തീർത്തിരിക്കുകയാണ് കഞ്ചിക്കോട് സ്വദേശിനിയായ സൂര്യകല (51). കോളേജ് അധ്യാപികയായ സൂര്യകല അർബുദത്തെ തോൽപ്പിക്കുക മാത്രമല്ല, അതേക്കുറിച്ച് ഗവേഷണം നടത്തി ഡോക്‌ടറേറ്റ്‌ നേടിയെടുക്കുക കൂടി ചെയ്‌തിരിക്കുകയാണ്.

കാൻസർ ഭേദമായവർക്ക് സഹതാപമല്ല, പിന്തുണയാണ് ആവശ്യമെന്ന് അനുഭവത്തിന്റെ ബലത്തിലാണ് 2018ൽ ‘അർബുദ രോഗികളുടെ ചികിൽസയിലെ ബോധ്യങ്ങളും സംതൃപ്‌തിയും’ എന്ന വിഷയത്തിൽ ഭാരതീയർ സർവകലാശാലയിൽ നിന്ന് സൂര്യകല പിഎച്ച്ഡി നേടിയത്.

പിന്നാലെ വിദ്യാഭ്യാസ സ്‌ഥാപനങ്ങളിൽ ബോധവൽക്കരണ ക്ളാസുകൾ സംഘടിപ്പിച്ച് തുടങ്ങി. കൊച്ചി കാൻസർ സൊസൈറ്റിയും വിവിധ പഞ്ചായത്തുകളുമായി സഹകരിച്ച് അട്ടപ്പാടി ഉൾപ്പടെയുള്ള 35ഓളം പ്രദേശങ്ങളിൽ സൗജന്യ സ്‌തനാർബുദ നിർണയ ക്യാമ്പുകൾക്ക് ഇതിനോടകം നേതൃത്വം നൽകി.

2012ൽ കോയമ്പത്തൂരിലെ സ്വകാര്യ കോളേജിൽ ബിസിനസ് അഡ്‌മിനിസ്‌ട്രേഷൻ അധ്യാപികയായിരിക്കെയാണ് സൂര്യകലയിൽ രോഗലക്ഷണം കണ്ടുതുടങ്ങിയത്. പാലക്കാട്ടെ സ്വകാര്യ ആശുപത്രിയിൽ നടത്തിയ പരിശോധനയിൽ സ്‌തനാർബുദത്തിന്റെ രണ്ടാംഘട്ടമാണെന്ന് അറിഞ്ഞു. ശസ്‌ത്രക്രിയ ചെയ്യണമെന്ന് ഡോക്‌ടർ അറിയിച്ചതോടെ ഉള്ളിലാകെ ഇരുട്ട് നിറഞ്ഞ അവസ്‌ഥയായെന്ന് സൂര്യകല പറയുന്നു.

ഭർത്താവ് സൗദി അറേബ്യയിലെ ജോലി ഉപേക്ഷിച്ച് നാട്ടിലെത്തി ബിസിനസുമൊക്കെയായി സന്തോഷത്തോടെ ജീവിക്കുന്നതിനിടെയാണ് സൂര്യകലയ്‌ക്ക് രോഗം സ്‌ഥിരീകരിക്കുന്നത്. അന്ന് ഇളയകുട്ടിയുടെ മുലയൂട്ടൽ നിർത്തിയിട്ട് മാസങ്ങളേ ആയിരുന്നുള്ളൂവെന്ന് സൂര്യകല ഓർക്കുന്നു. ഭർത്താവിന്റെ വീട്ടുകാരുടെ നിർദ്ദേശത്തിലാണ് ഡോ. പിവി ഗംഗാധരന്റെ അരികിലേക്കെത്തുന്നത്.

എട്ടുമാസത്തോളം നീണ്ട ചികിൽസയിൽ 30 റേഡിയേഷൻ, ആറ് കീമോതെറപ്പി, ശസ്‌ത്രക്രിയ എന്നിവ വേണ്ടിവന്നു. കീമോതെറപ്പിക്ക് ശേഷം കൈകാൽ തരിപ്പ്, മുടിയും കൺപീലിയും കൊഴിഞ്ഞുപോക്ക്, ഛർദി, നഖത്തിലും ചുണ്ടിലും കറുപ്പ് തുടങ്ങി ഒട്ടേറെ പ്രയാസങ്ങൾ. മാനസികമായി തളർന്നുപോയ സമയങ്ങളിൽ ‘ഇതൊക്കെ നമ്മൾ അതിജീവിക്കുമെടോ’ എന്ന ഡോക്‌ടറുടെ വാക്കുകൾ ആശ്വാസമായിരുന്നെന്ന് സൂര്യകല പറയുന്നു.

കഞ്ചിക്കോട് കെടിസി കലാനിലയത്തിലാണ് താമസം. ഇപ്പോൾ ചെന്നൈയിലെ സ്വകാര്യ കോളേജിൽ ബിസിനസ് മാനേജ്‍മെന്റ്‌ വിഭാഗത്തിൽ വിസിറ്റിങ് പ്രൊഫസറാണ് സൂര്യകല. ഭർത്താവ്: കമലാസനൻ, മക്കൾ: കിഷൻ, കിരൺ.

Most Read| ഭിക്ഷയെടുത്ത് സമ്പാദിച്ചത് കോടികൾ; ഇൻഡോറിലെ ധനികനായ യാചകൻ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE