സൂപ്പർതാരം സൂര്യയെ നായകനാക്കി പാണ്ടിരാജ് സംവിധാനം ചെയ്‌ത ‘എതര്‍ക്കും തുനിന്തവന്‍‘ എന്ന ചിത്രത്തിന്റെ റിലീസ് തീയതി പ്രഖ്യാപിച്ചു. 2022 ഫെബ്രുവരി 4നാണ് ചിത്രം തിയേറ്ററിലൂടെ പ്രേക്ഷകരിലേക്ക് എത്തുന്നത്. ചിത്രം ലോക വ്യാപകമായി റിലീസ് ചെയ്യും. റിലീസ് പ്രഖ്യാപനത്തിന്റെ ഭാഗമായി പ്രൊമോ വീഡിയോയും അണിയറ പ്രവർത്തകർ പങ്കുവച്ചു. ഒരിടവേളക്ക് ശേഷമാണ് സൂര്യ ചിത്രം തിയേറ്ററിൽ എത്തുന്നത്. അതിനാൽ തന്നെ ഇത് ആഘോഷമാക്കാനാണ് ആരാധകരുടെ തീരുമാനം.
‘പസങ്ക’, ‘ഇത് നമ്മ ആള്’, ‘നമ്മ വീട്ടു പിള്ളൈ’ തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധ നേടിയ സംവിധായകനാണ് പാണ്ടിരാജ്. പ്രിയങ്ക അരുൾ മോഹനാണ് ചിത്രത്തിലെ നായിക. സത്യരാജ്, സൂരി, ശരണ്യ പൊന്‍വണ്ണന്‍, ദേവദര്‍ശിനി, ജയപ്രകാശ്, ഇളവരശ് തുടങ്ങിയവര്‍ മറ്റു വേഷങ്ങളില്‍ എത്തുന്നു. സണ്‍ പിക്ചേഴ്‌സ് നിര്‍മിക്കുന്ന ചിത്രത്തിന് സംഗീതം പകരുന്നത് ഡി ഇമ്മന്‍ ആണ്. ഒരു മാസ് എന്റർടൈനർ തന്നെയാവും ചിത്രമെന്ന് നേരത്തെ അണിയറ പ്രവർത്തകർ അറിയിച്ചിരുന്നു.
അവസാനമായി റിലീസ് ചെയ്‌ത സൂര്യയുടെ ചിത്രങ്ങളായ ‘സൂരറൈ പൊട്രു’, ‘ജയ് ഭീം’ എന്നിവ ഒടിടി വഴിയായിരുന്നു പ്രദർശനത്തിന് എത്തിയത്. ഇവ രണ്ടും ഏറെ പ്രേക്ഷക പ്രീതി നേടുകയും നിരൂപക പ്രശംസ സ്വന്തമാക്കുകയും ചെയ്‌തിരുന്നു. ജല്ലിക്കട്ടിന്റെ പാശ്‌ചാത്തലത്തില്‍ വെട്രിമാരന്‍ സംവിധാനം ചെയ്യുന്ന വാടിവാസലാണ് സൂര്യയുടെ ഇനിയുള്ള പ്രധാന ചിത്രം.
Read Also: എയർ ഏഷ്യ ഇന്ത്യയും, എയർ ഇന്ത്യ എക്‌സ്‌പ്രസും ലയിപ്പിക്കാൻ ഒരുങ്ങി ടാറ്റ







































