തൃശൂർ: ദിലീപിന്റെ ഫോണുകൾ നന്നാക്കിയിരുന്ന കൊടകര സലീഷിന്റെ മരണത്തിൽ ദുരൂഹത ആരോപിച്ച് ബന്ധുക്കൾ. അങ്കമാലി പോലീസ് സ്‌റ്റേഷനിൽ പരാതി നൽകി. സലീഷ് മരിച്ചത് 2020 ഓഗസ്‌റ്റിലാണ്. കാർ റോഡിലെ തൂണിലിടിച്ചായിരുന്നു മരണം.
ദിലീപിന്റെ ഫോണുകൾ സർവീസ് ചെയ്‌തിരുന്നത് സലീഷാണ്. ഇതിന് പിന്നാലെയായിരുന്നു മരണമെന്നാണ് ബന്ധുക്കളുടെ ആരോപണം. സംഭവത്തിൽ ദുരൂഹതയുണ്ടോ എന്ന് പോലീസ് തുടരന്വേഷണം നടത്തണമെന്നാണ് ബന്ധുക്കളുടെ ആവശ്യം. അങ്കമാലി സ്‌റ്റേഷൻ പരിധിയിലുള്ള ‘ടെൽക്’ എന്ന സ്‌ഥാപനത്തിന് മുന്നിൽ വെച്ചാണ് സലീഷ് അപകടത്തിൽ പെട്ടത്.
ഓഗസ്‌റ്റ് 30 ഉച്ചക്ക് ഒരു മണിയോടെ നടന്ന കാറപകടത്തിൽ സലീഷ് തൽക്ഷണം തന്നെ മരിച്ചിരുന്നു. അപകടമരണം എന്ന് തന്നെയായിരുന്നു പോലീസ് റിപ്പോർട്ടിൽ വ്യക്‌തമാക്കിയിരുന്നത്. ഏതെങ്കിലും വാഹനങ്ങൾ സലീഷിന്റെ കാറിനെ പിന്തുടർന്നതായിട്ടോ അപകടപ്പെടുത്താൻ ശ്രമിച്ചതായിട്ടോ കണ്ടെത്തിയിട്ടില്ല. എറണാകുളത്ത് കട നടത്തുകയായിരുന്ന സലീഷ് വീട്ടിലേക്ക് മടങ്ങുമ്പോഴാണ് അപകടമുണ്ടായത്.
അപകട മരണമെന്ന് പോലീസ് ആവർത്തിക്കുമ്പോഴും ബന്ധുക്കൾ ദുരൂഹതയുണ്ടെന്നതിൽ ഉറച്ച് നിൽക്കുകയാണ്. ഇതിന്റെ അടിസ്‌ഥാനത്തിൽ തുടരന്വേഷണം നടന്നേക്കുമെന്നാണ് പ്രാഥമിക വിവരം.
Also Read: ഭര്‍ത്താവിന്റെ വിവാഹേതര ബന്ധം ഭാര്യാപീഡനം; കേസെടുക്കാമെന്ന് കോടതി







































