കാസർഗോഡ്: സ്വന്തമായി ഒരു വീടെന്ന ശ്രീരാഗിന്റെയും സഹോദരങ്ങളുടെയും സ്വപ്നം യാഥാർഥ്യമാവാൻ പോകുന്നു. സ്കൗട്സ് ആൻഡ് ഗൈഡ്സ് ബേക്കൽ ഘടകമാണ് ഇവർക്ക് സ്നേഹവീട് നിർമിക്കുന്നത്. വിദ്യാഭ്യാസ മേഖലയിൽ സേവനത്തിന്റെ വഴിയിൽ പ്രവർത്തിക്കുന്ന സ്കൗട്സ് ആൻഡ് ഗൈഡ്സിന്റെ വിഷൻ 2026 പരിപാടിയുടെ ഭാഗമായാണ് വീട് നിർമിക്കുന്നത്.
മഡിയൻ ഗവ. എൽപി സ്കൂളിലെ രണ്ടാം ക്ളാസ് വിദ്യാർഥിയാണ് ശ്രീരാഗ്. വെള്ളിക്കോത്ത് വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂളിലെ എട്ടാം ക്ളാസുകാരൻ വൈശാഖ്, പത്താം ക്ളാസുകാരൻ വൈഷ്ണവ് എന്നിവരാണ് സഹോദരങ്ങൾ.
അജാനൂർ പഞ്ചായത്തിലെ കാരക്കുഴിയിലാണ് ഇവർക്കായി വീട് നിർമിക്കുന്നത്. പിതാവ് കുഞ്ഞമ്പു രോഗബാധിതനായി മരണപ്പെട്ടശേഷം മാതാവ് സുധയും മൂന്ന് മക്കളും വാടകവീട്ടിലും ബന്ധുവീടുകളിലുമായാണ് താമസിച്ചിരുന്നത്. കുടുംബത്തിന്റെ പ്രയാസങ്ങൾ കണ്ടറിഞ്ഞ അധ്യാപകരും സ്കൗട്സ് ആൻഡ് ഗൈഡ്സും ചേർന്നാണ് ഇത്തരമൊരു തീരുമാനമെടുത്തത്.
ഏഴുലക്ഷം രൂപ ചെലവഴിച്ചാണ് വീട് നിർമിക്കുന്നത്. അധ്യാപകരും പ്രഥമാധ്യാപകരും സാമൂഹിക പ്രവർത്തകരും വിദ്യാർഥികളും ശ്രീരാഗിന്റെയും കുടുംബത്തിന്റെയും സ്വപ്നം യാഥാർഥ്യമാക്കൻ കൈകോർത്തു. വീട് നിർമാണത്തിന്റെ പ്രാരംഭപ്രവർത്തനം തുടങ്ങി.
മാർച്ച് 31നകം നിർമാണം പൂർത്തിയാക്കാനാണ് തീരുമാനം. ഇതിലേക്കുള്ള ആദ്യ സംഭാവനയായി ബേക്കൽ എഇഒ കെ ശ്രീധരൻ 5000 രൂപ സ്കൗട്സ് ആൻഡ് ഗൈഡ്സ് ബേക്കൽ ഘടകം സെക്രട്ടറി കെ ശോഭക്ക് കൈമാറി. പ്രഥമാധ്യാപകരുടെ യോഗത്തിൽ നടന്ന ചടങ്ങിൽ കാഞ്ഞങ്ങാട് ഡിഇഒ വിവി ഭാസ്കരൻ, ജില്ലാ സെക്രട്ടറി വിവി മനോജ് കുമാർ ബ്ളോക്ക് കോ-ഓർഡിനേറ്റർ കെഎം ദിലീപ് കുമാർ എന്നിവർ സംസാരിച്ചു. ബേക്കൽ എഇഒ കെ ശ്രീധരന്റെ നേതൃത്വത്തിൽ സംഘം സ്ഥലം സന്ദർശിച്ച് നിർമാണ പ്രവർത്തനങ്ങൾ വിലയിരുത്തി.
Most Read: ആരോഗ്യത്തിൽ അൽപം ശ്രദ്ധയാവാം; ജിമ്മിൽ പോയി ക്രഞ്ചസ് ചെയ്ത് പൂച്ച







































