ന്യൂഡെൽഹി: ട്വന്റി20 ലോകകപ്പ് കിരീടം നേടിയ ഇന്ത്യൻ ക്രിക്കറ്റ് ടീം അംഗങ്ങൾ നാളെ രാജ്യത്ത് തിരിച്ചെത്തും. ചുഴലിക്കാറ്റിനെ തുടർന്ന് ബാർബഡോസിൽ കുടുങ്ങിയ താരങ്ങളെയും മാദ്ധ്യമപ്രവർത്തകരെയും നാട്ടിലെത്തിക്കാനായി ബിസിസിഐ ചാർട്ടേർഡ് വിമാനം ഏർപ്പെടുത്തിയിരുന്നു. നാളെ പുലർച്ചയോടെ താരങ്ങൾ ഡെൽഹി വിമാനത്താവളത്തിൽ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.
നാളെ കിരീടവുമായി പ്രധാനമന്ത്രി നരേന്ദ്രമോദിയെ സന്ദർശിക്കുന്ന ടീം അംഗങ്ങൾ അതിനുശേഷം സ്വീകരണം ഏറ്റുവാങ്ങി മുംബൈയിലേക്ക് പറക്കും. പ്രധാനമന്ത്രി താരങ്ങളെ അഭിനന്ദനം അറിയിക്കും. പ്രധാനമന്ത്രിക്ക് ഒപ്പമാണ് താരങ്ങളുടെ നാളത്തെ പ്രഭാത ഭക്ഷണം. തുടർന്ന് ട്രോഫിയുമായി താരങ്ങൾ മുംബൈ നഗരത്തിൽ റോഡ് ഷോയും നടത്തുന്നുണ്ട്.
നരിമാൻ പോയിന്റ് മുതൽ വാങ്കഡെ സ്‌റ്റേഡിയം വരെ ഓപ്പൺ ബസിൽ താരങ്ങൾ റോഡ് ഷോ നടത്തും. അതിന് ശേഷം ബിസിസിഐ പ്രഖ്യാപിച്ച 125 കോടി സമ്മാനത്തുക ടീമിന് കൈമാറും. ട്വന്റി20 ടീമിന് നാട്ടിൽ സംഘടിപ്പിക്കുന്ന അനുമോദന പരിപാടികളിൽ പങ്കെടുക്കാനായാണ് സഞ്‌ജു സാംസൺ ഉൾപ്പടെ ഉള്ളവർക്ക് സിബാബ്‌വേയ്‌ക്ക് എതിരായ ആദ്യ മൽസരങ്ങളിൽ വിശ്രമം അനുവദിച്ചെന്നാണ് വിവരം.
ആഘോഷങ്ങൾക്ക് ശേഷം ഇന്ത്യൻ താരങ്ങൾ സിബാബ്‌വെയിലെ ഹരാരെയിലെത്തി ടീമിനൊപ്പം ചേരാനാണ് തീരുമാനം. ശനിയാഴ്‌ച ദക്ഷിണാഫ്രിക്കയെ തോൽപ്പിച്ച് ട്വന്റി20 ലോകകപ്പ് കിരീടം നേടിയ ഇന്ത്യൻ താരങ്ങൾ ഞായറാഴ്‌ച തന്നെ ബാർബഡോസ് വിടാനിരുന്നതാണ്. എന്നാൽ കാലാവസ്‌ഥ മോശമായതോടെ യാത്ര മുടങ്ങുകയായിരുന്നു. ചുഴലിക്കാറ്റ് ഭീഷണിയെ തുടർന്ന് ബാർബഡോസിലെ വിമാനത്താവളം അടച്ചുപൂട്ടിയിരുന്നു.
Health Read| വിഷാദരോഗവും ആത്‍മഹത്യാ ചിന്തകളും; ശാസ്‌ത്ര വിദ്യാർഥികളിൽ വർധിക്കുന്നതായി പഠനം