ന്യൂഡെൽഹി: പാക്ക് സൈന്യത്തിന്റെ വിശ്വസ്‌ത ഏജന്റായിരുന്നു താനെന്ന് തുറന്ന് സമ്മതിച്ച് മുംബൈ ഭീകരാക്രമണത്തിന്റെ ആസൂത്രകരിൽ ഒരാളായ തഹാവൂർ റാണ. മുംബൈ ഭീകരാക്രമണത്തിൽ പാക്ക് രഹസ്യാന്വേഷണ ഏജൻസിയായ ഐഎസ്‌ഐക്ക് പങ്കുണ്ടെന്നും റാണ വെളിപ്പെടുത്തി. 26/11ന് ആക്രമണം നടക്കുന്നതിന് തൊട്ടുമുൻപ് മുംബൈയിൽ ഉണ്ടായിരുന്നെന്നും മുംബൈ ക്രൈം ബ്രാഞ്ചിന്റെ ചോദ്യം ചെയ്യലിൽ റാണ സമ്മതിച്ചു.
ഡെൽഹിയിലെ തിഹാർ ജയിലിൽ ദേശീയ അന്വേഷണ ഏജൻസിയുടെ (എൻഐഎ) കസ്‌റ്റഡിയിലാണ് റാണയിപ്പോൾ. ഗൾഫ് യുദ്ധത്തിന്റെ സമയത്ത് പാക്കിസ്‌ഥാൻ സൈന്യം തന്നെ സൗദി അറേബ്യയിലേക്ക് അയച്ചിരുന്നെന്നും റാണ പറഞ്ഞു. സുഹൃത്തും സഹായിയുമായ ഡേവിഡ് കോൾമാൻ ഹെഡ്‌ലിയുമായി ചേർന്ന് പാക്കിസ്‌ഥാനിലെ ഭീകരസംഘടനയായ ലഷ്‌കറെ ത്വയിബയ്‌ക്കുവേണ്ടി നിരവധി പരിശീലന പരിപാടികൾ നടത്തിയിട്ടുണ്ടെന്നും റാണ വെളിപ്പെടുത്തിയെന്ന് ബന്ധപ്പെട്ട വൃത്തങ്ങൾ അറിയിച്ചു.
മുംബൈയിൽ ഇമിഗ്രേഷൻ കേന്ദ്രം സ്‌ഥാപിക്കാനുള്ള തീരുമാനം റാണയുടേതായിരുന്നു. ബിസിനസ് ചിലവുകൾ എന്ന പേരിലാണ് സാമ്പത്തിക ഇടപാടുകൾ നടന്നിരുന്നത്. ആക്രമണം നടന്ന നവംബർ 26ന് തൊട്ടുമുമ്പുവരെ മുംബൈയിൽ ഉണ്ടായിരുന്നെന്നും അത് ഭീകരരുടെ പദ്ധതിയുടെ ഭാഗമായിരുന്നെന്നും ചോദ്യം ചെയ്യലിൽ റാണ സമ്മതിച്ചു.
ആക്രമണത്തിന് മുന്നോടിയായി ഡെൽഹി, മുംബൈ, ജയ്‌പുർ, ഗോവ, പൂണെ തുടങ്ങിയ ഇന്ത്യൻ നഗരങ്ങൾക്ക് ഹെഡ്‌ലി യാത്ര ചെയ്‌തിരുന്നു. അതേസമയം, വെളിപ്പെടുത്തലിന്റെ ഭാഗമായി കൂടുതൽ ചോദ്യം ചെയ്യുന്നതിനായി മുംബൈ പോലീസ് റാണയെ അറസ്‌റ്റ് ചെയ്‌ത് കസ്‌റ്റഡിയിൽ എടുത്തേക്കും. ഇതിനുള്ള നടപടികൾ ആരംഭിച്ചിട്ടുണ്ട്.
ആക്രമണം നടത്തിയ ഛത്രപതി ശിവാജി ടെർമിനൽ പോലുള്ള സ്‌ഥലങ്ങളുടെ വിവരം ഹെഡ്‌ലിക്ക് നൽകിയത് റാണയാണെന്ന് 2023ൽ ക്രൈം ബ്രാഞ്ച് നൽകിയ 405 പേജ് കുറ്റപത്രത്തിൽ പറയുന്നുണ്ട്. ഈവർഷം മേയിൽ ആണ് റാണയെ ഇന്ത്യയിലേക്ക് നാടുകടത്തിയത്. അന്നുമുതൽ എൻഐഎയുടെ കസ്‌റ്റഡിയിലാണ്.
Most Read| തറയ്‌ക്കടിയിൽ നിന്ന് രക്‌തം സമാന ദ്രാവകം പരന്നൊഴുകി; അമ്പരന്ന് നാട്ടുകാർ!