തമിഴകത്തിന്റെ പ്രിയതാരം വിജയ് സേതുപതി വീണ്ടും മലയാളത്തില്‍. ജയറാം നായകനായ മാര്‍ക്കോണി മത്തായി എന്ന സിനിമയിലൂടെയാണ് ആദ്യമായി വിജയ് സേതുപതി മലയാളത്തില്‍ എത്തിയത്. തമിഴ് സിനിമ പ്രേക്ഷകര്‍ക്കൊപ്പം തന്നെ മലയാള സിനിമ പ്രേക്ഷകര്‍ക്കും പ്രിയങ്കരനായ നടനാണ് വിജയ് സേതുപതി. അതിനാല്‍ തന്നെ സേതുപതിയുടെ മലയാളത്തിലേക്കുള്ള അടുത്ത വരവ് മലയാള സിനിമ പ്രേക്ഷകര്‍ വലിയ ആവേശത്തോടെ ആയിരിക്കും ഏറ്റെടുക്കുക.
നവാഗതയായ ഇന്ദു വി എസ് സംവിധാനം ചെയ്യുന്ന ചിത്രത്തിലൂടെയാണ് വിജയ് സേതുപതി വീണ്ടും മലയാള സിനിമ രംഗത്തേക്ക് എത്തുന്നത്. ചിത്രത്തില്‍ സേതുപതിയുടെ നായികയായി എത്തുന്നത് നിത്യ മേനോനാണ്. ചിത്രത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ അണിയറ പ്രവര്‍ത്തകര്‍ പുറത്തു വിട്ടിട്ടില്ല. സിനിമയുടെ ചിത്രീകരണം ഒക്ടോബര്‍ അവസാനത്തോടെ ആരംഭിക്കുമെന്നാണ് ലഭിക്കുന്ന വിവരം. പൂര്‍ണ്ണമായും കേരളത്തില്‍ വച്ചായിരിക്കും ചിത്രീകരണം നടക്കുക. ആന്റോ ജോസഫാണ് ചിത്രത്തിന്റെ നിര്‍മാണം നിര്‍വഹിക്കുന്നത്. മനീഷ് മാധവന് ഛായാഗ്രഹണം നിര്‍വഹിക്കുന്ന ചിത്രത്തില്‍ ഗോവിന്ദ് വസന്ത ആയിരിക്കും സംഗീത സംവിധാനം നിര്‍വഹിക്കുക.
Read also : ഇടവേള ബാബുവിന്റെ പരാമർശം; ‘അമ്മ നിലപാട് വ്യക്തമാക്കണം’






































