കുമളി: മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് 152 അടിയാക്കി ഉയർത്തുകയെന്നത് തമിഴ്‌നാട്ടുകാരുടെ സ്വപ്‌നമാണെന്ന് ഗ്രാമവികസന, തദ്ദേശ വകുപ്പ് മന്ത്രി പെരിയസ്വാമി. തേനി ജില്ലയിലെ മഴക്കെടുതികൾ വിലയിരുത്തിയ ശേഷമായിരുന്നു മന്ത്രിയുടെ പ്രതികരണം. തമിഴ്‌നാട്ടുകാരുടെ സ്വപ്‌നം ഡിഎംകെ ഭരണത്തിൽ യാഥാർഥ്യമാക്കുമെന്നും മന്ത്രി പറഞ്ഞു.
സുപ്രീം കോടതി വിധി പ്രകാരം മുല്ലപ്പെരിയാർ അണക്കെട്ടിന്റെ അറ്റകുറ്റപ്പണികൾക്ക് തമിഴ്‌നാട് സർക്കാരിന് അവകാശമുണ്ട്. ഇക്കാര്യം വൈക്കം സന്ദർശന വേളയിൽ കേരളത്തിന്റെ മുഖ്യമന്ത്രിയുമായി സംസാരിക്കാൻ തമിഴ്‌നാട് മുഖ്യമന്ത്രി തീരുമാനിച്ചിരുന്നതായും പെരിയസ്വാമി പറഞ്ഞു.
മുല്ലപ്പെരിയാർ ഡാമിൽ അറ്റകുറ്റപ്പണി നടത്താൻ കഴിഞ്ഞയാഴ്‌ച തമിഴ്‌നാടിന് കേരളം അനുമതി നൽകിയിരുന്നു. സ്‌പിൽവേ, അണക്കെട്ട് എന്നിവിടങ്ങളിൽ സിമന്റ് പെയിന്റിങ്ങിന് ഉൾപ്പടെ ഏഴ് ജോലികൾക്കാണ് അനുമതി നൽകിയത്. കർശന ഉപാധികളോടെ ജലവിഭവ വകുപ്പാണ് അനുമതി നൽകികൊണ്ടുള്ള ഉത്തരവ് ഇറക്കിയത്.
പുതിയ മുല്ലപ്പെരിയാർ അണക്കെട്ട് നിർമിക്കുന്നത് വരെ ജനങ്ങളുടെ ഭീതി ഒഴിവാക്കാനായി നിലവിലുള്ള അണക്കെട്ടിൽ താൽക്കാലിക അറ്റകുറ്റപ്പണികൾക്ക് മാത്രമാണ് അനുമതി നൽകുന്നതെന്ന് ഉത്തരവിൽ പറയുന്നു. ഇടുക്കി എംഐ സിവിഷൻ എക്‌സിക്യൂട്ടീവ് എഞ്ചിനിയരുടെയോ, അദ്ദേഹം ചുമതലപ്പെടുത്തുന്ന ആളുടെയോ സാന്നിധ്യത്തിൽ മാത്രമേ ജോലികൾ നടത്താവൂ, നിർമാണ സാമഗ്രികൾ മുൻകൂർ അനുമതി വാങ്ങി, പകൽ സമയങ്ങളിൽ മാത്രമേ കൊണ്ടുപോകാവൂ.
തേക്കടി, വള്ളക്കടവ് ചെക്ക്പോസ്‌റ്റുകളിൽ പരിശോധന ഉണ്ടാകും. അനുമതി നൽകാത്ത ഒരു നിർമാണവും അനുവദിക്കില്ല. വനനിയമം പാലിക്കണമെന്നും ഉത്തരവിൽ പറയുന്നു. സൂക്ഷ്‌മ പരിശോധനക്ക് ശേഷമേ അറ്റകുറ്റപ്പണി നടത്താൻ അനുവദിക്കൂ എന്നായിരുന്നു കേരള സർക്കാരിന്റെ ആദ്യ നിലപാട്. നിർമാണ സാമഗ്രികളുമായി എത്തിയ തമിഴ്‌നാട് വാഹനം കേരളം തടഞ്ഞതും വിവാദമായിരുന്നു. പിന്നാലെ കഴിഞ്ഞ ആറാം തീയതി തമിഴ്‌നാട് അപേക്ഷ നൽകി. ഈ അപേക്ഷ പരിഗണിച്ചാണ് ഉത്തരവ്.
Most Read| സ്വയം വളരും, രൂപം മാറും; ജീവനുള്ള കല്ലുകൾ ഭൂമിയിൽ!