ഡെൽഹി: ബേബി ഡാമിലെ മരം മുറിക്കാനുള്ള അനുമതി റദ്ദാക്കിയതിനെതിരെ തമിഴ്‌നാട് സുപ്രീം കോടതിയിൽ. മുല്ലപ്പെരിയാർ കേസിൽ സുപ്രീം കോടതിയിൽ സമർപ്പിച്ച മറുപടി സത്യവാങ്മൂലത്തിലാണ് തമിഴ്‌നാടിന്റെ കുറ്റപ്പെടുത്തൽ. റൂൾ കർവുമായി ബന്ധപ്പെട്ട കേരളത്തിന്റെ നിലപാട് ചോദ്യം ചെയ്യുന്നതാണ് സത്യവാങ്മൂലം.
കേരളത്തിന്റേത് തടസ മനോഭാവമാണെന്നാണ് തമിഴ്‌നാട് ആരോപിക്കുന്നു. കേരളത്തിന്റെ ലക്ഷ്യം സുരക്ഷയേയും ഉചിത പരിപാലനത്തേയും തടസപ്പെടുത്തുക എന്നതാണെന്നും തമിഴ്‌നാട് ആരോപിച്ചു. ബേബി ഡാമിലെ മരം മുറിക്കാനുള്ള അനുമതി റദ്ദാക്കിയത് ഉദാഹരണമാണെന്ന് തമിഴ്‌നാട് ചൂണ്ടിക്കാട്ടി.
കേരളത്തിന്റെ താൽപര്യം സുരക്ഷയല്ല എന്നതാണ് നടപടികൾ വ്യക്‌തമാക്കുന്നതെന്നും തമിഴ്‌നാട് സത്യവാങ്മൂലത്തിൽ പറയുന്നു. കേരളം ഹാജരാക്കിയത് വ്യാജ യുഎൻ റിപ്പോർട്ടാണെന്നും തമിഴ്‌നാട് ആരോപിച്ചു.
അതേസമയം, മുല്ലപ്പെരിയാർ കേസ് സുപ്രീം കോടതി ഇന്ന് പരിഗണിക്കും. തമിഴ്‌നാട് തയാറാക്കിയ റൂൾ കർവ് പുന:പരിശോധിക്കണം എന്നാകും കേരളം ആവശ്യപ്പെടുക. പുതിയ അണകെട്ട് ആണ് നിലവിലെ പ്രശ്‌നത്തിന് ശാശ്വത പരിഹാരം എന്ന് നേരത്തെ സത്യവാങ്മൂലത്തിലൂടെ കേരളം സുപ്രീം കോടതിയെ അറിയിച്ചിരുന്നു. കേരളത്തിന്റെ ആവശ്യത്തെ തമിഴ്‌നാട് എതിർക്കും എന്ന് ഇതിനകം വ്യക്‌തമാക്കിയിട്ടുണ്ട്.
Read Also: മിസ് കേരള വിജയികളുടെ മരണം; ഓഡി കാർ പിന്തുടർന്നതാണ് അപകട കാരണമെന്ന് മൊഴി