മലപ്പുറം: താനൂരിൽ നിന്ന് നാടുവിട്ട് മുംബൈയിലേക്ക് പോയ വിദ്യാർഥിനികളെ ഉടൻ വീട്ടുകാർക്കൊപ്പം അയക്കില്ല. പെൺകുട്ടികൾക്ക് കൂടുതൽ കൗൺസിലിങ് നൽകേണ്ടിവരുമെന്നാണ് പോലീസ് പറയുന്നത്. കൗൺസിലിങ് നൽകിയ ശേഷം വീട്ടുകാർക്കൊപ്പം പെൺകുട്ടികളെ അയക്കാനാണ് പോലീസിന്റെ തീരുമാനം.
മജിസ്‌ട്രേറ്റിന് മുന്നിൽ ഹാജരാക്കിയ പെൺകുട്ടികൾ നിലവിൽ റിഹാബിലിറ്റേഷൻ സെന്ററിലാണ്. മലപ്പുറത്തെ സ്‌നേഹിതയിലേക്കാണ് മാറ്റിയത്. അതേസമയം, വിദ്യാർഥിനികളെ നാടുവിടാൻ സഹായിച്ച യുവാവ് എടവണ്ണ സ്വദേശിയായ റഹിം അസ്‌ലമിന്റെ അറസ്‌റ്റ് രേഖപ്പെടുത്തി. മുംബൈയിൽ നിന്ന് മടങ്ങിയ റഹീമിനെ തിരൂരിൽ നിന്നാണ് ഇന്നലെ കസ്‌റ്റഡിയിൽ എടുത്തത്.
പെൺകുട്ടികളുടെ സുഹൃത്താണ് റഹിം. കുട്ടികളെ തട്ടിക്കൊണ്ടുപോകൽ, ഫോണിൽ പിന്തുടരൽ എന്നീ വകുപ്പുകൾ ചുമത്തിയാണ് അസ്‌ലമിന്റെ അറസ്‌റ്റ് രേഖപ്പെടുത്തിയത്. വിദ്യാർഥിനികളിൽ ഒരാൾ ആവശ്യപ്പെട്ടത് കൊണ്ടാണ് റഹിം അസ്‌ലം ഒപ്പം പോയതെന്നാണ് റഹീമിന്റെ കുടുംബം പറഞ്ഞിരുന്നത്. ഇൻസ്‌റ്റഗ്രാം വഴിയാണ് പെൺകുട്ടികളുമായി ഇയാൾ പരിചയത്തിലായത്.
വീട്ടിൽ ചില പ്രശ്‌നങ്ങൾ ഉണ്ടെന്നും കുടുംബത്തോടൊപ്പം തുടരാൻ കഴിയില്ലെന്നും പെൺകുട്ടി അറിയിച്ചു. വീട്ടിൽ നിന്ന് ഇറങ്ങിപ്പോവുകയാണെന്ന് പറഞ്ഞപ്പോൾ റഹിം പിന്തിരിപ്പിക്കാൻ ശ്രമിച്ചു. സഹായിച്ചാലും ഇല്ലെങ്കിലും താൻ പോകുമെന്ന് പെൺകുട്ടി പറഞ്ഞു. കുട്ടിയുടെ ദുരവസ്‌ഥ കണ്ടാണ് റഹിം കൂടെ പോയതെന്നുമാണ് കുടുംബാംഗങ്ങൾ പറഞ്ഞിരുന്നത്.
ബുധനാഴ്‌ച പരീക്ഷയ്‌ക്കായി വീട്ടിൽ നിന്ന് സ്‌കൂളിലേക്ക് പോയ ഇരുവരെയും പിന്നീട് കാണാതാവുകയായിരുന്നു. തുടർന്ന് നടത്തിയ അന്വേഷണങ്ങൾക്കിടെ മുംബൈ- ചെന്നൈ ട്രെയിനിൽ യാത്ര ചെയ്യുകയായിരുന്ന പെൺകുട്ടികളെ വെള്ളിയാഴ്‌ച പുലർച്ചെ ഒന്നേമുക്കാലിന് ലോനാവാലയിൽ വെച്ച് റെയിൽവേ പോലീസാണ് കണ്ടെത്തിയത്. ഇന്നലെ ഉച്ചയോടെയാണ് തിരൂർ പോലീസ് പെൺകുട്ടികളുമായി തിരിച്ചു നാട്ടിലെത്തിയത്.
Most Read| 18 കഴിഞ്ഞവർക്ക് ജീവിതപങ്കാളിയെ സ്വയം തിരഞ്ഞെടുക്കാം; വ്യക്‌തി നിയമ ഭേദഗതിയുമായി യുഎഇ