കാസർഗോഡ്: മഞ്ചേശ്വരം കടമ്പാറിൽ അധ്യാപികയും ഭർത്താവും വിഷം കഴിച്ച് ജീവനൊടുക്കി. പെയിന്റിങ് ജോലി ചെയ്യുന്ന അജിത്ത് (35), വൊർക്കാടി ബേക്കറി ജങ്ഷനിലെ സ്വകാര്യ സ്കൂളിൽ അധ്യാപികയായി ജോലി ചെയ്യുന്ന ശ്വേത (27) എന്നിവരാണ് മരിച്ചത്.
ഇന്നലെ വൈകീട്ടോടെയാണ് ഇവർ വിഷം കഴിച്ചത്. ഇരുവരും ഇന്ന് പുലർച്ചെ ദേർളക്കട്ടയിലെ ആശുപത്രിയിൽ വെച്ചാണ് മരിച്ചത്. തിങ്കളാഴ്ച ജോലി കഴിഞ്ഞ് നേരത്തെ വീട്ടിലെത്തിയ ശ്വേതയും അജിത്തും മൂന്നുവയസുള്ള മകനെയും കൂട്ടി ബന്തിയോട്ടുള്ള സഹോദരിയുടെ വീട്ടിലെത്തി. ഒരിടം വരെ പോകാനുണ്ടെന്നും മകനെ നോക്കണമെന്നും പറഞ്ഞാണ് മടങ്ങിയത്.
തിരികെ വീട്ടിലെത്തിയ ഇരുവരും വിഷം കഴിക്കുകയായിരുന്നു എന്നാണ് പോലീസ് കരുതുന്നത്. വൈകുന്നേരത്തോടെ വീട്ടുമുറ്റത്ത് വീണ് കിടക്കുന്ന നിലയിലാണ് അയൽവാസികൾ ഇവരെ കണ്ടത്. ഉടൻ ഹൊസങ്കടിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ഗുരുതരമായതിനാൽ ദേർളക്കട്ടയിലെ ആശുപത്രിയിലേക്ക് മാറ്റി.
പുലർച്ചെ 12.30ഓടെയാണ് അജിത്ത് മരിച്ചത്. ഏതാനും മണിക്കൂറുകൾക്ക് ശേഷം ശ്വേതയും മരിച്ചു. സാമ്പത്തിക ബാധ്യതയാണ് ആത്മഹത്യയ്ക്ക് കാരണമെന്നാണ് പ്രാഥമിക വിവരം. മഞ്ചേശ്വരം പോലീസ് സംഭവത്തിൽ അന്വേഷണം നടത്തുകയാണ്.
Most Read| ഗാസയിൽ ശുഭപ്രതീക്ഷ; സമാധാന ചർച്ചയുടെ ഒന്നാംഘട്ടം പൂർത്തിയായി