വാഷിങ്ടൻ: എച്ച്1 ബി, എച്ച്4 വിസക്കാരായ ജീവനക്കാർ അമേരിക്ക വിടരുതെന്ന നിർദ്ദേശം നൽകി മൈക്രോസോഫ്റ്റും മെറ്റയും ഉൾപ്പടെയുള്ള യുഎസ് ടെക് ഭീമൻമാർ. കുറച്ചുകാലത്തേക്ക് ഇവർ യുഎസിൽ തന്നെ തുടരണമെന്നാണ് കമ്പനികളുടെ നിർദ്ദേശം.
ഈ വിസയിൽ ഉള്ളവരും നിലവിൽ യുഎസിന് പുറത്തുള്ളവരുമായ ജീവനക്കാർ സമയപരിധിക്ക് മുമ്പായി നാളെയോടെ തിരികെ എത്തണമെന്നും കമ്പനികൾ നിർദ്ദേശിച്ചു. വാർത്താ ഏജൻസിയായ റോയിട്ടേഴ്സ് ആണ് ഇക്കാര്യങ്ങൾ റിപ്പോർട് ചെയ്തത്.
യുഎസിന് പുറത്തുള്ളവർ സെപ്തംബർ 21 ഈസ്റ്റേൺ ടൈം അർധരാത്രി 12.01ന് മുമ്പായി രാജ്യത്ത് തിരികെ പ്രവേശിക്കണമെന്നാണ് നിർദ്ദേശം. റീ എൻട്രി നിഷേധിക്കപ്പെടാതിരിക്കാനുള്ള മുൻകരുതൽ എന്ന നിലയ്ക്കാണ് ഈ നിർദ്ദേശം കൊടുത്തിട്ടുള്ളത്.
എച്ച്1 ബി വിസ അപേക്ഷകൾക്കുള്ള ഫീസ് 1,00,000 ഡോളർ (ഏകദേശം 88 ലക്ഷം രൂപ) ചുമത്തിക്കൊണ്ടുള്ള യുഎസ് പ്രസിഡണ്ട് ഡൊണാൾഡ് ട്രംപിന്റെ പ്രഖ്യാപനത്തിന് പിന്നാലെയാണ് ഈ നിർദ്ദേശങ്ങൾ വന്നിരിക്കുന്നത്. പുതിയ നിയമം സെപ്തംബർ 21 മുതൽ പ്രാബല്യത്തിൽ വരുമെന്നും 12 മാസത്തേക്ക് നിലനിൽക്കുമെന്നുമാണ് ട്രംപിന്റെ പ്രഖ്യാപനം.
വിസാ ഫീസ് വർധനയിലൂടെ അമേരിക്കൻ തൊഴിൽ വിപണിയെ സംരക്ഷിക്കാനും ഉയർന്ന വൈദഗ്ധ്യമുള്ളവരെ മാത്രം രാജ്യത്തേക്ക് കൊണ്ടുവരാനുമാണ് ഉദ്ദേശിക്കുന്നതെന്നാണ് യുഎസ് ഭരണകൂടത്തിന്റെ അവകാശവാദം. പുതിയ നീക്കത്തെ ടെക് വ്യവസായം എതിർക്കില്ലെന്ന് ട്രംപ് പറഞ്ഞു. അവർ വളരെ സന്തോഷത്തിൽ ആയിരിക്കുമെന്ന് താൻ കരുതുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു.
എന്നാൽ, എച്ച്1 ബി വിസകളെ ഏറ്റവും കൂടുതൽ ആശ്രയിക്കുന്ന ഇന്ത്യക്കാർക്ക് ഇത് വലിയ പ്രതിസന്ധിയാകും സൃഷ്ടിക്കുക. പ്രഖ്യാപനത്തിന് പിന്നാലെ, യുഎസിലെ ഇന്ത്യൻ കമ്പനികൾ ഉൾപ്പടെയുള്ള ഐടി സേവന കമ്പനികളുടെ ഓഹരികൾ 2% മുതൽ 5% വരെ ഇടിഞ്ഞതായി റോയിട്ടേഴ്സ് റിപ്പോർട് ചെയ്തു.
Most Read| 70ആം വയസിൽ സ്കൈ ഡൈവ്; പ്രായത്തെ തോൽപ്പിച്ച് ഇടുക്കി സ്വദേശിനി







































