ഒഴുക്കിൽപ്പെട്ട 17-കാരിയുടെ ജീവൻ രക്ഷിച്ച് നാട്ടുകാർക്ക് അഭിമാനമായിരിക്കുകയാണ് തൂത അമ്പലക്കുന്നിലെ 22– വയസുകാരിയായ ശ്രേയ. തൂതപ്പുഴയിലെ അമ്പലക്കുന്ന് കടവിൽ കുളിക്കാനിറങ്ങിയപ്പോൾ ഒഴുക്കിൽപ്പെട്ട നാജിയ (17) യെയാണ് ശ്രേയ രക്ഷിച്ചത്.
മലപ്പുറം ആളിപ്പറമ്പിൽ തൂതപ്പുഴയിലാണ് നാജിയ ഒഴുക്കിൽപ്പെട്ടത്. കഴിഞ്ഞമാസം 30ന് വൈകീട്ട് നാലോടെയാണ് സംഭവം. മാതാവിന്റെയും ബന്ധുക്കളുടെയും കൂടെ തൂതപ്പുഴയിലെ അമ്പലക്കുന്ന് കടവിൽ കുളിക്കുന്നതിടെയാണ് നാജിയ ഒഴുക്കിൽപ്പെട്ടത്. ഇതോടെ ഒപ്പമുണ്ടായിരുന്നവർ ബഹളം വയ്‌ക്കുകയായിരുന്നു.
പുഴക്കടവിന് സമീപത്തുള്ള ബന്ധുവീട്ടിലേക്ക് വന്ന ശ്രേയ പുഴയിലെ നിലവിളി കേട്ട് കടവിലേക്ക് ഓടിച്ചെല്ലുകയായിരുന്നു. കുട്ടി വെള്ളത്തിൽ മുങ്ങിത്താഴുന്നത് കണ്ടപ്പോൾ മറ്റൊന്നും ആലോചിക്കാതെ പുഴയിലേക്ക് ചാടി. ഒഴുക്കിൽപ്പെട്ട നാജിയ ശ്രേയയെ കെട്ടിപ്പിടിക്കുകയായിരുന്നു.
പുഴയുടെ അടിത്തട്ടിൽ ചവിട്ടി മുകളിലേക്ക് കുതിക്കാൻ ശ്രമിച്ചെങ്കിലും അടിത്തട്ടിലെ ചതുപ്പ് കാരണം ഉപേക്ഷിച്ച് വെള്ളത്തിന്റെ അടിയിലൂടെ നാജിയയെ വഹിച്ച് നീന്തി. ഇതിനിടെ, കല്ലിൽ ചവിട്ട് കിട്ടിയതോടെ നാജിയയെ ചേർത്തുപിടിച്ചു കല്ലിൽ നിൽക്കാൻ സാധിച്ചു. പിന്നീട് കരയിലുണ്ടായിരുന്ന നാജിയയുടെ മാതാവ് ഷാൾ എറിഞ്ഞുകൊടുത്ത് നാജിയയെ കരയിലേക്ക് കയറ്റി.
”ആ ഉമ്മയുടെ അവസ്‌ഥ ആലോചിച്ചപ്പോൾ വേറൊന്നും ആലോചിച്ചില്ല. കൃഷ്‌ണാന്നും വിളിച്ച് പുഴയിലേക്ക് എടുത്തുചാടി കുട്ടിയെ വാരിപ്പിടിച്ചു. ജീവൻ രക്ഷിക്കാനായതിൽ വളരെ സന്തോഷമുണ്ട്.”- സംഭവത്തെ കുറിച്ച് ശ്രേയ പറഞ്ഞു.
കുന്നംകുളം കോലോത്തുപറമ്പിൽ അബു താഹിറിന്റെയും ഹസീനയുടെയും മകളാണ് നാജിയ. തൂത അമ്പലക്കുന്നിലെ കൃഷ്‌ണനുണ്ണിയുടെയും ശ്രീലതയുടെയും മകളാണ് ശ്രേയ ജെബി ഫാർമയുടെ മെഡിക്കൽ റെപ്രസെന്റേറ്റീവാണ്. നജീബ് കാന്തപുരം എംഎൽഎ, തൂത യൂത്ത് വിങ് ക്ളബ്, തെക്കേപ്പുറം പ്രദേശവാസികൾ, സിപിഎം, ഡിവൈഎഫ്ഐ കമ്മിറ്റികൾ എന്നിവർ ശ്രേയയെ അഭിനന്ദിച്ചു.
Most Read| ഇലകളില്ല, തണ്ടുകളില്ല; ഭൂമിക്കടിയിൽ വളരുന്ന അപൂർവയിനം പൂവ്