ഹൈദരാബാദ്: തദ്ദേശ സ്വയംഭരണ സ്‌ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ തെലങ്കാന കോൺഗ്രസിൽ ഭിന്നത. പത്ത് എംഎൽഎമാർ രഹസ്യയോഗം ചേർന്നതായാണ് വിവരം. ഗണ്ടിപേട്ടിലുള്ള അനിരുദ്ധ് റെഡ്‌ഡി എംഎൽഎയുടെ ഫാം ഹൗസിലായിരുന്നു യോഗം.
എംഎൽഎമാരായ നയ്‌നി രാജേന്ദ്ര റെഡ്‌ഡി, ഭൂപതി റെഡ്‌ഡി, യെന്നം ശ്രീനിവാസ റെഡ്‌ഡി, മുരളി നായ്‌ക്, കുച്ചകുള്ള രാജേഷ് റെഡ്‌ഡി, സഞ്‌ജീവ് റെഡ്‌ഡി, അനിരുദ്ധ് റെഡ്‌ഡി, ലക്ഷ്‌മികാന്ത റാവു, ദൊന്തി മാധവ റെഡ്‌ഡി, ബിർല ഇലയ്യ എന്നിവരാണ് യോഗത്തിൽ പങ്കെടുത്തത്.
കോൺട്രാക്‌ടർമാരുടെ ബില്ലുകൾ പാസാക്കാൻ കൈക്കൂലി ആവശ്യപ്പെടുന്നെന്ന ആരോപണം നേരിടുന്ന രണ്ട് മന്ത്രിമാരോടുള്ള എതിർപ്പാണ് രഹസ്യയോഗത്തിന് പിന്നിലെന്നാണ് വിവരം. മുഖ്യമന്ത്രി രേവന്ത് റെഡ്‌ഡി മന്ത്രിമാരുമായി അടിയന്തിര കൂടിക്കാഴ്‌ച നിശ്‌ചയിച്ചിട്ടുണ്ട്.
എംഎൽഎമാരുടെ പരാതികൾ ഉടൻ പരിഹരിക്കണമെന്നാണ് ഹൈക്കമാൻഡിന്റെ നിർദ്ദേശം. എംഎൽഎമാരുമായി നല്ല ബന്ധം കാത്തുസൂക്ഷിക്കണമെന്ന് രേവന്ത് റെഡ്‌ഡി എല്ലാ മന്ത്രിമാർക്കും നിർദ്ദേശം നൽകി. എംഎൽഎമാരുടെ ആവശ്യങ്ങൾക്ക് മുൻഗണന നിശ്‌ചയിക്കണമെന്നും അവരുടെ നിർദ്ദേശങ്ങൾ പരിഗണിക്കണമെന്നും ആവശ്യപ്പെട്ടു.
Most Read| ചരിത്രത്തിൽ ആദ്യമായി നാസയുടെ തലപ്പത്ത് വനിത; ആരാണ് ജാനറ്റ് പെട്രോ?





































