തെലങ്കാന കോൺഗ്രസ് നേതാവിന്റെ ‘കഴുത’ പരാമർശം; മാപ്പ് സ്വീകരിച്ച് തരൂർ

By Desk Reporter, Malabar News
Shashi Tharoor Accepts Congress Colleague's Apology
Ajwa Travels

ന്യൂഡെൽഹി: വിവാദ പരാമർശം നടത്തിയ തെലങ്കാന കോൺഗ്രസ് നേതാവ് രേവന്ത് റെഡ്ഡിയുടെ ക്ഷമാപണം സ്വീകരിക്കുന്നതായി ശശി തരൂർ എംപി. തരൂരിനെ ‘കഴുത’എന്നായിരുന്നു റെഡ്ഡി വിശേഷിപ്പിച്ചത്. അദ്ദേഹത്തെ കോൺഗ്രസിൽ നിന്ന് പുറത്താക്കുമെന്ന് പ്രതീക്ഷിക്കുന്നതായും റെഡ്ഡി പറഞ്ഞിരുന്നു.

റെഡ്ഡിയുടെ പ്രസ്‌താവന വലിയതോതിൽ ചർച്ചയാവുകയും കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധവുമായി രംഗത്ത് വരികയും ചെയ്‌തിരുന്നു. തുടർന്നാണ് റെഡ്ഡി മാപ്പപേക്ഷയുമായി എത്തിയത്. താൻ നടത്തിയ പ്രസ്‌താവന പിൻവലിക്കുന്നതായി പറഞ്ഞ റെഡ്ഡി, തരൂരിന് ഉണ്ടായ വേദനയിൽ ഖേദിക്കുന്നതായും പറഞ്ഞിരുന്നു.

“ഞാൻ ശ്രീ തരൂർജിയുമായി സംസാരിച്ചു, എന്റെ പരാമർശങ്ങൾ ഞാൻ പിൻവലിച്ചതായി അദ്ദേഹത്തെ അറിയിച്ചു. എന്റെ മുതിർന്ന സഹപ്രവർത്തകനെ ഞാൻ വളരെയധികം ബഹുമാനിക്കുന്നു. കോൺഗ്രസ് പാർടിയുടെ മൂല്യങ്ങളിലും നയങ്ങളിലും ഞങ്ങൾ ഞങ്ങളുടെ വിശ്വാസം പങ്കിടുന്നു.” – റെഡ്ഡി ട്വീറ്റ് ചെയ്‌തു.

ഈ ട്വീറ്റിന് മറുപടിയായാണ് റെഡ്ഡിയുടെ ക്ഷമാപണം സ്വീകരിച്ചതായി തരൂർ പറഞ്ഞത്. “പറഞ്ഞതിന് ക്ഷമ ചോദിക്കാൻ രേവന്ത് റെഡ്ഡി ഫോണിൽ വിളിച്ചിരുന്നു. അദ്ദേഹത്തിന്റെ ഖേദപ്രകടനം ഞാൻ സ്വീകരിക്കുന്നു. തെലങ്കാനയിലും രാജ്യത്തുടനീളവും ഇന്ത്യൻ നാഷണൽ കോൺഗ്രസിനെ ശക്‌തിപ്പെടുത്താൻ ഞങ്ങൾ ഒരുമിച്ച് പ്രവർത്തിക്കണം,”- തരൂർ പറഞ്ഞു.

തെലങ്കാനയിൽ കോൺഗ്രസിന് സർക്കാർ രൂപീകരിക്കാൻ പൊതുജനങ്ങളുടെ പിന്തുണ നേടാൻ തരൂർ തന്നോടൊപ്പം ചേരുമെന്ന് തനിക്കറിയാമെന്നും തെലങ്കാന എഐസിസി ഇൻചാർജ് മാണിക്കം ടാഗോറിനെ ടാഗ് ചെയ്‌ത്‌ റെഡ്ഡി ട്വീറ്റ് ചെയ്‌തു. ഈ ട്വീറ്റിനും തരൂർ മറുപടി നൽകിയിട്ടുണ്ട്. “തീർച്ചയായും. മുന്നോട്ട്, മുകളിലേക്ക്!” എന്നായിരുന്നു തരൂരിന്റെ മറുപടി ട്വീറ്റ്.

കഴിഞ്ഞ ദിവസം ശശി തരൂരിന്റെ ഹൈദരാബാദ് സന്ദര്‍ശനത്തിന് പിന്നാലെയാണ് റെഡ്ഡി വിവാദ പരാമർശം നടത്തിയത്. തെലങ്കാന ഐടി മന്ത്രി കെടി രാമറാവുവിനെ ശശി തരൂര്‍ പ്രശംസിച്ച് സംസാരിച്ചതാണ് രേവന്തിനെ പ്രകോപിപ്പിച്ചത്. “ഐടി മന്ത്രിയെ പ്രശംസിച്ചയാള്‍ ഇവിടുത്തെ അവസ്‌ഥയെക്കുറിച്ചും അറിയണം. ആ കഴുതയെ ടാഗ് ചെയ്യേണ്ടതായിരുന്നു (ട്വീറ്റില്‍). രണ്ടാളും പരസ്‌പരം ഇംഗ്ളീഷിൽ സംസാരിക്കുന്നത് ഇവിടെ ഒരു മാറ്റവും കൊണ്ടുവരില്ല,”- എന്നായിരുന്നു റെഡ്ഡിയുടെ വിവാദ പരാമർശം.

Most Read:  പ്രത്യേക ഓഡിറ്റിംഗ് വേണ്ട; പത്‌മനാഭസ്വാമി ക്ഷേത്ര ട്രസ്‌റ്റിന്റെ ഹരജി സുപ്രീം കോടതി പരിഗണിക്കും

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE