പത്തനംതിട്ട: ശബരിമല സ്വർണക്കൊള്ള കേസിലെ പ്രതിയായ മുൻ തിരുവിതാംകൂർ ദേവസ്വം പ്രസിഡണ്ടും സിപിഎം പത്തനംതിട്ട ജില്ലാ കമ്മിറ്റി അംഗവുമായ എ. പത്‌മകുമാറിനെ പാർട്ടിയിൽ നിന്ന് സസ്‌പെൻഡ് ചെയ്‌തു. മുതിർന്ന നേതാവ് തോമസ് ഐസക്ക് പങ്കെടുത്ത പത്തനംതിട്ട ജില്ലാ കമ്മിറ്റിയുടേതാണ് തീരുമാനം.
ശബരിമല സ്വർണക്കൊള്ള കേസ് നിയമസഭാ തിരഞ്ഞെടുപ്പിൽ എൽഡിഎഫിന്റെ തോൽവിക്ക് കാരണമായെന്ന് സംസ്‌ഥാന നേതൃത്വം വിലയിരുത്തിയിരുന്നു. ഇതേത്തുടർന്നാണ് ജില്ലാ കമ്മിറ്റിയോട് നടപടി എടുക്കാൻ നിർദ്ദേശിച്ചത്. ജില്ലാ കമ്മിറ്റിക്ക് ശേഷം ജില്ലാ സെക്രട്ടറിയേറ്റ് ചേർന്നിരുന്നു. പുറത്താക്കൽ പോലെ കടുത്ത നടപടി ആലോചിച്ചിരുന്നെങ്കിലും സസ്‌പെൻഷനിൽ ഒതുക്കുകയായിരുന്നു.
നടപടി വരുന്ന പക്ഷം പലതും തുറന്നുപറയേണ്ടി വരുമെന്ന് പത്‌മകുമാർ അടുത്ത സുഹൃത്തുക്കളോട് കഴിഞ്ഞ ദിവസങ്ങളിൽ സൂചന നൽകിയിരുന്നു. ഉന്നത നേതാക്കൾക്കെതിരെ ചില വെളിപ്പെടുത്തലുകളും അദ്ദേഹം കഴിഞ്ഞ ദിവസങ്ങളിലായി നടത്തിയിരുന്നു. പലതും പുറത്തുവന്നാൽ ഉന്നതർ കുടുങ്ങും എന്നതിനാൽ പത്‌മകുമാറിനെതിരെയുള്ള നടപടി മയപ്പെടുത്തുമെന്ന സൂചനകളും പുറത്തുവന്നിരുന്നു.
സ്വർണക്കൊള്ള കേസിൽ ജയിലിൽ കഴിഞ്ഞെങ്കിലും പത്‌മകുമാറിനെ ജില്ലാ കമ്മിറ്റിയിൽ നിന്ന് നീക്കം ചെയ്‌തിരുന്നില്ല. പാർട്ടി പരിപാടികളിൽ നിന്ന് മാറ്റിനിർത്തുക മാത്രമാണ് ചെയ്‌തത്. കഴിഞ്ഞ ആഴ്‌ച പത്‌മകുമാർ പാർട്ടി അംഗത്വം പുതുക്കിയിരുന്നു.
ശബരിമല ദ്വാരപാലക കേസിലും കട്ടിളപ്പാളികൾ കടത്തിയ കേസിലും പ്രതിയാണ് പത്‌മകുമാർ. കുറ്റപത്രം സമർപ്പിക്കാത്ത സാഹചര്യത്തിൽ രണ്ടു കേസിലും കൊല്ലം വിജിലൻസ് കോടതി ജാമ്യം അനുവദിച്ചിരുന്നു. 105 ദിവസത്തിന് ശേഷം മാർച്ച് നാലാം തീയതിയാണ് പത്‌മകുമാർ ജയിൽ മോചിതനായത്.
കവർച്ച പത്‌മകുമാറിന്റെ കൂടി അറിവോടെയാണെന്നാണ് പ്രത്യേക അന്വേഷണ സംഘം (എസ്ഐടി) കണ്ടെത്തിയിരുന്നത്. ബോർഡിന്റെ ദുരൂഹമായ അലംഭാവം സ്വർണക്കൊള്ള ആസൂത്രണത്തിന്റെ ഭാഗമായിരുന്നു. തട്ടിപ്പിന് നേതൃത്വം നൽകിയ ഉണ്ണിക്കൃഷ്‌ണൻ പോറ്റിയുമായി പത്‌മകുമാറിനുള്ള അടുത്ത ബന്ധം വ്യക്‌തമാക്കുന്ന മൊഴികളും തെളിവുകളും ശേഖരിച്ച ശേഷമായിരുന്നു ചോദ്യം ചെയ്യലും അറസ്‌റ്റും.
Most Read| മകൾക്ക് കൂട്ടുപോയി; ബിരുദാനന്തര ബിരുദത്തിൽ ഒന്നാം റാങ്കോടെ ഷീജുവിന്റെ മടക്കം





































