കോഴിക്കോട്: ഷിഗെല്ല രോഗബാധയെ തുടർന്ന് സംസ്‌ഥാനത്ത് ഒരു മരണം കൂടി റിപ്പോർട് ചെയ്‌തു. മലപ്പുറം പൂക്കോട്ടൂർ സ്വദേശിയായ ഏഴ് വയസുകാരൻ ആർജവ് ആണ് മരിച്ചത്. കോഴിക്കോട് മെഡിക്കൽ കോളേജിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിൽസയിൽ ആയിരുന്നു. മലപ്പുറം എയുപി സ്‌കൂളിലെ രണ്ടാം ക്ളാസ് വിദ്യാർഥിയാണ്.
ഇക്കഴിഞ്ഞ വെളിയാഴ്‌ചയാണ് ആർജവിനെ പനി, കടുത്ത വയറിളക്കം തുടങ്ങിയ ലക്ഷണങ്ങളോടെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ചികിൽസയിലിരിക്കെ കുട്ടിയുടെ ആരോഗ്യനില പെട്ടെന്ന് വഷളാവുകയും രാവിലെ മരണം സംഭവിക്കുകയും ആയിരുന്നു.
സംസ്‌ഥാനത്ത് ഈവർഷം ഷിഗെല്ല രോഗബാധയെ തുടർന്ന് റിപ്പോർട് ചെയ്യുന്ന നാലാമത്തെ മരണമാണിത്. ഈമാസം ഒമ്പതിന് മലപ്പുറം പെരിന്തൽമണ്ണ കീഴാറ്റൂർ സ്വദേശി സരോജിനി (59), ആറാം തീയതി കോഴിക്കോട് വള്ളിൽകടവ് സ്വദേശിനി നിള (നാല് വയസ്), മാർച്ച് മാസത്തിൽ കോഴിക്കോട് പെരുവയൽ കുറ്റിക്കാട്ടൂർ ആനക്കുഴിക്കരയിലെ മൂന്നുവയസുകാരി എന്നിവരാണ് ഈവർഷം ഇതുവരെ ഷിഗെല്ല രോഗം ബാധിച്ചു മരിച്ചത്.
ജനുവരി മുതൽ ഇതുവരെ സംസ്‌ഥാനത്ത് 135 പേർക്കാണ് ഷിഗെല്ല സ്‌ഥിരീകരിച്ചത്. ഇതിൽ കോഴിക്കോട് ജില്ലയിൽ മാത്രം രോഗം റിപ്പോർട് ചെയ്‌തത് 68 പേർക്കാണ്. കഴിഞ്ഞ ദിവസം വെള്ളത്തിൽ ഷിഗെല്ല ബാക്‌ടീരിയയുടെ സാന്നിധ്യം കണ്ടെത്തിയതിനെ തുടർന്ന് മലപ്പുറം തിരൂരങ്ങാടിയിൽ ഇളനീർ പാർലർ അടപ്പിച്ചിരുന്നു. ഹോട്ടലുകളിലും ഭക്ഷണശാലകളിലും ഭക്ഷ്യസുരക്ഷാ വകുപ്പ് പരിശോധന നടത്തിയതിന് പിന്നാലെയാണ് നടപടി.
Most Read| 5000 വർഷത്തിലേറെ പ്രായം, നാല് മീറ്ററിലധികം തടി; ഇതാണ് ‘മുതുമുത്തച്ഛൻ’ മരം


































