വയനാട് : വേനൽക്കാലം കടുത്തതോടെ ജില്ലയിൽ വേനൽച്ചൂടും പ്രതിദിനം ഉയരുന്നു. കഴിഞ്ഞ ദിവസങ്ങളിൽ ലഭിച്ച വേനൽമഴ ചൂടിന് നേരിയ ആശ്വാസം നൽകിയെങ്കിലും, താപനില വീണ്ടും ക്രമാതീതമായി ഉയരുകയാണ്. ഇത്തവണ മാർച്ച് ആദ്യവാരത്തിൽ തന്നെ താപനില 30 ഡിഗ്രിയിലെത്തിയിരുന്നു. കൂടാതെ മിക്ക ദിവസങ്ങളിലും ഇതിലും അധികമാണ് ജില്ലയിലെ താപനില. മാർച്ച് മാസത്തിന്റെ ആദ്യം തന്നെ താപനില ഇത്രയും ഉയരുന്ന സാഹചര്യമാണെങ്കിൽ വരും മാസങ്ങളിൽ താപനില ഇതിലും ഉയരുമെന്നതിൽ സംശയമില്ല.
താപനില ഉയരുന്നതിനൊപ്പം തന്നെ ജില്ലയിലെ ജലക്ഷാമവും ജനങ്ങളെ വലക്കുകയാണ്. കഴിഞ്ഞ ദിവസങ്ങളിൽ ജില്ലയിൽ മഴ ലഭിച്ചെങ്കിലും കൂടുതൽ വരൾച്ച നേരിടുന്ന പുൽപള്ളിയിലടക്കമുള്ള പ്രദേശങ്ങളില്‍ മഴ ലഭിച്ചിട്ടില്ല. ഇതോടെ ജില്ലയുടെ മിക്ക മേഖലകളിലും ജലക്ഷാമം രൂക്ഷമാകുകയാണ്. ഒപ്പം തന്നെ വേനൽമഴ ലഭിക്കാത്തത് കൃഷിയെയും ഇത്തവണ പ്രതികൂലമായി ബാധിക്കും. കൂടാതെ ചൂട് ക്രമാതീതമായി ഉയരുന്ന സാഹചര്യത്തിൽ തോട്ടം തൊഴിലാളികൾ നിലവിൽ തൊഴിൽ സമയത്തിൽ മാറ്റം വരുത്തിയിട്ടുണ്ട്.
ജലാശയങ്ങൾ എല്ലാം തന്നെ വറ്റുന്നത് കുടിവെള്ള ക്ഷാമം വരും മാസങ്ങളിലും കനക്കുന്നതിന് കാരണമാകും. നിലവിൽ ശുദ്ധജലത്തിനായി ആദിവാസി വിഭാഗങ്ങൾ അടക്കം ആശ്രയിച്ചിരുന്ന മിക്ക ജലാശയങ്ങളും വറ്റിവരണ്ടു. കൂടാതെ മലമുകളിൽ നിന്നും ലഭിക്കുന്ന ജലത്തിന്റെ അളവിലും വലിയ രീതിയിൽ കുറവ് ഉണ്ടാകുന്നുണ്ട്. ഈ സ്‌ഥിതി തുടർന്നാൽ വരും മാസങ്ങളിൽ കുടിവെള്ള ക്ഷാമം ജില്ലയിൽ രൂക്ഷമാകുമെന്നതിൽ സംശയമില്ല.
Read also : ഷോപിയാനിലെ ഏറ്റുമുട്ടലിൽ ഒരു തീവ്രവാദി കൊല്ലപ്പെട്ടു






































