കോഴിക്കോട്: കൊയിലാണ്ടി മണക്കുളങ്ങര ക്ഷേത്രത്തിൽ ഉൽസവത്തിനെത്തിച്ച ആനകൾ ഇടഞ്ഞതിനെ തുടർന്നുണ്ടായ തിക്കിലും തിരക്കിലുംപെട്ട് മൂന്നുപേർ മരിച്ച സംഭവത്തിൽ പ്രാഥമിക അന്വേഷണ റിപ്പോർട് ഇന്ന് 11 മണിയോടെ വനംമന്ത്രിക്ക് സമർപ്പിക്കുമെന്ന് ഫോറസ്‌റ്റ് കൺസർവേറ്റർ ആർ കീർത്തി. എഡിഎമ്മുമായി കൂടിയാലോചിച്ചാവും റിപ്പോർട് തയ്യാറാക്കുക.
അന്തിമ റിപ്പോർട് വൈകിട്ടോടെ തന്നെ സമർപ്പിക്കുമെന്നും അവർ കൊയിലാണ്ടിയിൽ മാദ്ധ്യമപ്രവർത്തകരോട് പറഞ്ഞു. ആർ കീർത്തി ക്ഷേത്രത്തിലെത്തി സംഭവ സ്‌ഥലം പരിശോധിച്ചു. ശേഷം ആശുപത്രിയിലെത്തി പരിക്കേറ്റവരെ സന്ദർശിച്ചു. എന്തെങ്കിലും വീഴ്‌ച വന്നിട്ടുണ്ടെങ്കിൽ കർശന നടപടികൾ റിപ്പോർട്ടിൽ നിർദ്ദേശിക്കും. ആനകൾ തമ്മിൽ ആവശ്യമായ അകലം പാലിച്ചിട്ടുണ്ടെന്നാണ് ജീവനക്കാരുടെ മൊഴിയെന്നും കീർത്തി പറഞ്ഞു.
വിശദമായ പരിശോധനകൾ നടന്നുവരികയാണ്. രണ്ടാനകളെ എഴുന്നള്ളിക്കാനുള്ള അനുമതി ഉണ്ടായിരുന്നു. നാട്ടാന പരിപാലനച്ചട്ടം ലംഘിച്ചോയെന്ന് പരിശോധിക്കുമെന്നും അവർ വ്യക്‌തമാക്കി. കൊയിലാണ്ടി മണക്കുളങ്ങര ക്ഷേത്രത്തിൽ ഉൽസവത്തിനെത്തിച്ച പീതാംബരൻ, ഗോകുൽ എന്നീ ആനകളാണ് ഇന്നലെ ഇടഞ്ഞത്. ഇടഞ്ഞ ഒരാന മറ്റൊരാനയെ കുത്തിയതോടെ രണ്ട് ആനകളും ഇടഞ്ഞോടുകയായിരുന്നു. ഇതോടെ പരിഭ്രാന്തരായി ആളുകൾ ചിതറിയോടിയതോടെയാണ് അപകടമുണ്ടായത്.
കുറുവങ്ങാട് വട്ടാങ്കണ്ടി താഴെ ലീല (68), താഴത്തേടത്ത് അമ്മുക്കുട്ടി അമ്മ (78), വടക്കയിൽ രാജൻ (68) എന്നിവരാണ് മരിച്ചത്. 31 പേർക്കാണ് പരിക്കേറ്റത്. എഴുന്നള്ളിപ്പ് തുടങ്ങാനിരിക്കെ പടക്കം പൊട്ടിച്ചപ്പോൾ ഒരാന പരിഭ്രമിക്കുകയും അടുത്തുണ്ടായിരുന്ന രണ്ടാമത്തെ ആനയെ കുത്തുകയുമായിരുന്നു. ഇതോടെ രണ്ട് ആനകളും പരിഭ്രമിച്ചു ഓടി. ആനകൾ വരുന്നത് കണ്ട് ഓടി രക്ഷപ്പെടുന്നതിനിടെയാണ് പലർക്കും പരിക്കേറ്റത്. പരിക്കേറ്റവരിൽ ഏറെയും സ്‌ത്രീകളാണ്.
Most Read| ഇതൊരു ഒന്നൊന്നര ചൂര തന്നെ, ജപ്പാനിൽ വിറ്റത് റെക്കോർഡ് രൂപയ്‌ക്ക്