വിശാഖപട്ടണം: ആന്ധ്രാപ്രദേശിൽ ക്ഷേത്ര മതിൽ ഇടിഞ്ഞുവീണ് എട്ടുപേർ മരിച്ചു. വിശാഖപട്ടണത്തിനടുത്ത് സിംഹാചലത്ത് ശ്രീ വരാഹ ലക്ഷ്‌മി നരസിംഹ സ്വാമി ക്ഷേത്രത്തിലെ ചന്ദനോൽസവം ആഘോഷത്തിനിടെ ആയിരുന്നു അപകടം. സ്‌ഥലത്ത് രക്ഷാപ്രവർത്തനം തുടരുകയാണ്.
നിജരൂപ ദർശനത്തിനായി ഭക്‌തർ ക്യൂവിൽ നിൽക്കുമ്പോഴാണ് 20 അടി നീളമുള്ള മതിൽ ഇടിഞ്ഞുവീണത്. ഇന്ന് പുലർച്ചെ 2.30നും 3.30നും ഇടയിലാണ് സംഭവം. പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റി. മരിച്ചവരിൽ നാല് സ്‌ത്രീകളും രണ്ട് പുരുഷൻമാരും ഉൾപ്പെടുന്നു. മതിൽ തകർന്ന് വീണതോടെ ആളുകൾ പരിഭ്രാന്തരായി ചിതറി ഓടിയതാണ് ദുരന്തത്തിന്റെ വ്യാപ്‌തി കൂട്ടിയതെന്ന് രക്ഷാപ്രവർത്തകർ പറയുന്നു.
കനത്ത മഴയെ തുടർന്ന് മണ്ണിടിഞ്ഞതാകാം അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം. ഇവിടെ ഇന്നലെ രാത്രി കനത്ത മഴ പെയ്‌തിരുന്നു. ദേശീയ ദുരന്ത നിവാരണ സേന, സംസ്‌ഥാന ദുരന്ത നിവാരണ സേന, അഗ്‌നിരക്ഷാ സേന, പോലീസ് തുടങ്ങിയ സംഘങ്ങളും സംസ്‌ഥാന അധികൃതരും സ്‌ഥലത്തെത്തിയിട്ടുണ്ട്. ആന്ധ്രാപ്രദേശ് ആഭ്യന്തര മന്ത്രി വി അനിത സംഭവത്തിൽ റിപ്പോർട് തേടി.
Most Read| വില 18 ലക്ഷം മുതൽ ഒരുകോടി വരെ! ഇതാണ് ‘ആഷെറ’ എന്ന ‘പുലിക്കുട്ടി’